Friday, May 17, 2024
spot_img

താൻ വിളിച്ച യോഗത്തിൽ, ചട്ടലംഘനമെന്ന് പറഞ്ഞെങ്കിലും മന്ത്രി സ്വന്തം നിലയിൽ അദ്ധ്യക്ഷയായി !കേരള സെനറ്റ് യോഗത്തിലെ സംഘർഷത്തിൽ ആർ .ബിന്ദുവിനെതിരെ കേരള വിസിയുടെ റിപ്പോർട്ട് !

തിരുവനന്തപുരം : സെനറ്റ് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദു അദ്ധ്യക്ഷത വഹിച്ചതിനെതിരേ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. വൈസ് ചാൻസിലർ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക് അദ്ധ്യക്ഷയായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യോഗത്തിന്റെ അദ്ധ്യക്ഷയായത് ചട്ടലംഘനമെന്ന് പറഞ്ഞിട്ടും മന്ത്രി അത് കണക്കിലെടുത്തില്ലെന്നും പകരം ചാന്‍സലറുടെ അസാന്നിദ്ധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദമെന്നും റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല സെനറ്റില്‍ പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വൈസ് ചാന്‍സലറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളും ഗവര്‍ണറുടെ നോമിനേറ്റഡ് അംഗങ്ങളും നല്‍കിയ പേരുകളും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ പ്രോ ചാന്‍സലറായ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന്റെ നിയമവശങ്ങളടക്കം പരിശോധിച്ച ശേഷമായിരിക്കും ഗവര്‍ണര്‍ തുടര്‍ നടപടികളിലേക്ക് കടക്കുക.

സെനറ്റ് യോഗത്തിന്റെ തീരുമാനം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് റദ്ദാക്കാനാകും. സെനറ്റ് യോഗത്തിന്റെ തീരുമാനം റദ്ദാക്കുകയാണെങ്കില്‍ വീണ്ടും യോഗം ചേര്‍ന്ന് പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ സര്‍വകലാശാല പ്രതിനിധിയില്ലാതെ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുകയോ ചെയ്യാം.സെനറ്റ് യോഗവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ കൂടി പരിഗണിച്ചാണ് വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കുന്നതിന് വേണ്ടിയാണ് സെനറ്റ് യോഗം വിളിച്ചത്. എന്നാല്‍ മന്ത്രി, വിസിയെ മറികടന്ന് അധ്യക്ഷയാകുകയും സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Latest Articles