Wednesday, May 15, 2024
spot_img

ഇ പി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് സിപിഎം പോകില്ലെന്ന് സൂചന; താക്കീതിൽ ഒതുക്കി പ്രശ്‌നം പരിഹരിച്ചേയ്ക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ഇ പി ജയരാജനെതിരെ എടുക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയായേക്കും. വിഷയം ചർച്ചയാകുമെങ്കിലും കൂടുതൽ കടുത്ത നടപടികൾ ജയരാജനെതിരെ ഉണ്ടാകില്ലെന്നാണ് സൂചന. താക്കീതിൽ ഒതുക്കി നിർത്താനാകും പാർട്ടി ശ്രമിക്കുക. യോഗത്തിൽ പങ്കെടുക്കാൻ ഇ പി യും എ കെ ജി സെന്ററിൽ എത്തിയിട്ടുണ്ട്. കടുത്ത നടപടിയെടുത്താൽ സിപിഎം ഉന്നതരെ കുടുക്കാൻ കഴിയുന്ന വെളിപ്പെടുത്തലുകൾ ജയരാജനിൽ നിന്നുണ്ടാകുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്.

പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം എം വി ഗോവിന്ദന് നൽകിയതിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേരാൻ ഇ പി ശ്രമിച്ചുവെന്നും ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയ കാര്യം തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നാണ് ഇ പി യുടെ വാദം. അതെ സമയം സിപിഎം നേതാക്കൾക്ക് സംഭവത്തിൽ കടുത്ത അമർഷമുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പോലും കടുത്തഭാഷയിൽ ജയരാജനെ വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസിനും ബിജെപിയ്ക്കും ഇ പി ആയുധം നൽകിയെന്നാണ് പാർട്ടി വിലയിരുത്തൽ

Related Articles

Latest Articles