Thursday, May 16, 2024
spot_img

ദില്ലി മുൻ പിസിസി അദ്ധ്യക്ഷൻ ബിജെപിയിലേയ്ക്ക് തന്നെയെന്ന് സൂചന; ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും; കനയ്യ കുമാറിന്റെ വരവിൽ തകർന്നടിഞ്ഞ് ദില്ലി കോൺഗ്രസ്

ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി ബിജെപിയിലേക്ക് തന്നെയെന്ന് സൂചന. താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് പറഞ്ഞ് ഇന്നലെ ലവ്ലി രംഗത്ത് വന്നെങ്കിലും ബിജെപിയിലേക്ക് പോകുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന. ലവ്ലി ഈസ്റ്റ് ദില്ലി സ്ഥാനാർത്ഥിയായേക്കുമെന്നും സൂചനയുണ്ട്. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ലവ്ലിക്ക് താൽപര്യമുണ്ടായിരുന്നു. അവിടെയാണ് അദ്ദേഹത്തെ പോലും അറിയിക്കാതെ കനയ്യ കുമാറിനെ കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ലവ്ലി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്.

ബിജെപി ഇതിനോടകം തന്നെ ഹർഷ് മൽഹോത്രയെ ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ലവ്ലി ബിജെപിയിലേക്ക് വരികയാണെങ്കിൽ ഹർഷ് മൽഹോത്രയെ മാറ്റി മണ്ഡലം ലവ്ലിക്ക് നൽകാനാണ് സാധ്യത. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയാണ്. അതെ സമയം കനയ്യ കുമാറിന്റെ വരവ് സംസ്ഥാന കോൺഗ്രസിൽ വൻ പൊട്ടിത്തെറികൾ സൃഷ്ടിക്കുകയാണ്. കനയ്യയ്‌ക്കെതിരെ കൂടുതൽ നേതാക്കൾ പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയിൽ രാഷ്ട്രീയ ശത്രുവായിരുന്ന ആം ആദ്‌മി പാർട്ടിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം താഴെത്തട്ടിൽ തിരസ്ക്കരിക്കപ്പെടുന്നു എന്നതാണ് ദില്ലിയിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി. ദില്ലിയിൽ ആം ആദ്‌മി പാർട്ടിയും കോൺഗ്രസ്സും ചേർന്നാണ് മത്സരിക്കുന്നത്. നാല് സീറ്റുകളിൽ ആം ആദ്‌മി പാർട്ടിയും മൂന്നു സീറ്റുകളിൽ കോൺഗ്രെസ്സുമാണ് മത്സരിക്കുന്നത്.

Related Articles

Latest Articles