Monday, April 29, 2024
spot_img

തൃപുരയിൽ മാളത്തിലൊളിച്ച് സിപിഎം ! ബോക്സാനഗർ മണ്ഡലത്തിലെ സിറ്റിംഗ് സീറ്റിൽ കെട്ടിവച്ച കാശും പോയി; ഉപതെരഞ്ഞെടുപ്പിലുടനീളം ബിജെപി തരംഗം

തൃപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മാളത്തിലൊളിക്കേണ്ട അവസ്ഥയിൽ സിപിഎം. സംസ്ഥാനത്ത് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും ബിജെപി വൻ വിജയം നേടി. 66% ന്യൂനപക്ഷ വോട്ടർമാരുള്ള സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കൂടിയായ ബോക്സാനഗർ മണ്ഡലത്തിൽ ബിജെപിയുടെ തഫജ്ജൽ ഹുസൈൻ 30,237 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹുസൈന് 34,146 വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎമ്മിലെ മിസാൻ ഹുസൈന് 3,909 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ധൻപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് 18,871 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ദേബ്‌നാഥിന് 30,017 വോട്ട് ലഭിച്ചപ്പോൾ എതിരാളിയായ സിപിഐഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ട് മാത്രമാണ് ലഭിച്ചത്.

വോട്ടെണ്ണൽ ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയതോടെ വോട്ടെടുപ്പിനിടെ വൻതോതിൽ കൃത്രിമം നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്‌ക്രിയത്വവും ആരോപിച്ച് സിപിഎം വോട്ടെണ്ണൽ ബഹിഷ്‌കരിക്കൽ നാടകം നടത്തിയെങ്കിലും അതൊന്നും ഈ കൂറ്റൻ തോൽവി ഭാരത്തെ മറയ്ക്കുന്നതിന് പര്യാപ്തമല്ല എന്നതാണ് യാഥാർഥ്യം. ഭരണകക്ഷിയായ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒറ്റയാൾ പോരാട്ടത്തിനാണ് രണ്ട് മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. മറ്റ് രണ്ട് പ്രതിപക്ഷ പാർട്ടികളായ തിപ്ര മോത്തയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

സെപ്തംബർ 5 നാണ് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് നടന്നത്. രണ്ട് സീറ്റുകളിലായി ശരാശരി 86.50% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിൽ സോനാമുറ ഗേൾസ് സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്.

സിപിഐഎം എംഎൽഎ സാംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്സാനഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് ധൻപൂരിലെ എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ആ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഏഴ് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ധന്പൂർ സീറ്റ് നേടിയ ബിജെപി ഉപതെരഞ്ഞെടുപ്പിൽ അത് നിലനിർത്തി. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള ബോക്സാനഗർ സീറ്റ് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് ഭരണകക്ഷി പിടിച്ചെടുത്തു.ഈ വിജയത്തോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 33 ആയി ഉയർന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് ഒരു എംഎൽഎയും പ്രതിപക്ഷമായ തിപ്ര മോതയ്ക്ക് 13 എംഎൽഎമാരും സിപിഐഎമ്മിന് 10 പേരും കോൺഗ്രസിന് മൂന്ന് എംഎൽഎമാരുമാണുള്ളത്.

Related Articles

Latest Articles