Friday, May 3, 2024
spot_img

സി പി എമ്മിന്റെ ഏക സിവിൽകോഡിനെതിരെയുള്ള പടയൊരുക്കം ഭൂതകാലം മറന്ന്? 38 വർഷങ്ങൾക്ക് മുമ്പ് സമുന്നതരായ നേതാക്കൾ എല്ലാം വാദിച്ചത് ഏകീകൃത സിവിൽകോഡിനായി, നിയമസഭാരേഖകൾ പുറത്ത്!

തിരുവനന്തപുരം: ഏക സിവിൽകോഡിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സാംസ്കാരികവകുപ്പിൽ സെക്കുലർ ഉദ്യോഗസ്ഥനെ നിയോഗിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കാൻ, സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന നിർദേശം സി.പി.എം മുന്നോട്ടുവെച്ചിരുന്നതായി നിയമസഭാരേഖകൾ. 38 വർഷം മുമ്പ് ഏകീകൃത സിവിൽ കോഡിന് വേണ്ടി സി.പിഎം വാദിച്ചിരുന്നതായാണ് രേഖകളുടെ ഉള്ളടക്കം വ്യക്തമാക്കുന്നത്.

ഏകസിവിൽകോഡ് നടപ്പാക്കുന്നതിൽ സർക്കാരിന്റെ അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 1985 ജൂലായ് ഒമ്പതിന് കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന നിയമസഭയിൽ സി.പി.എം അംഗങ്ങൾ ചോദ്യമുന്നയിച്ചിരുന്നു. എം.വി. രാഘവൻ, കെ.പി. അരവിന്ദാക്ഷൻ, വി.ജെ. തങ്കപ്പൻ, കെ.ആർ. ഗൗരി, സി.ടി കൃഷ്ണൻ, ഇ. പത്മനാഭൻ, ഒ.ഭരതൻ, പി.വി. കുഞ്ഞിക്കണ്ണൻ, എ.കെ. പത്മനാഭൻ എന്നിവരാണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. മുഖ്യമന്ത്രി കെ. കരുണാകരൻ സഭയിലില്ലായിരുന്നു. അതിനാൽ ജലസേചനവകുപ്പുമന്ത്രി എം.പി. ഗംഗാധരനാണ് മറുപടി നൽകിയത്.

ഏക സിവിൽകോഡിന് ന്യൂനപക്ഷങ്ങളുടെ ഇടയിൽ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സാമൂഹികക്ഷേമ ബോർഡുകളുടെ അഭിപ്രായം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. പുതുതായി ഒന്നും ആലോചനയിലില്ലെന്ന മന്ത്രിയുടെ മറുപടിയിൽ എം.വി. രാഘവൻ തൃപ്തനായില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നതായും കേരളത്തിനുമാത്രമായി അത് കിട്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച അദ്ദേഹം, ഏക സിവിൽകോഡ് ഇല്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നുണ്ട്.

Related Articles

Latest Articles