ഈറോഡ്: ഈറോഡില്‍ പട്ടാപ്പകല്‍ വ്യാപാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 15ലക്ഷം കവര്‍ന്ന ഏഴംഗസംഘത്തിലെ നാലുപേര്‍ പോലീസ് പിടിയിലായി. മറ്റ് മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഈറോഡ് കരിങ്കല്‍പാളയം രാജഗോപാല്‍ തോട്ടത്തില്‍ താമസിക്കുന്ന വിജയകുമാര്‍ (41), കലന്‍ജര്‍ നഗറില്‍ താമസിക്കുന്ന ധര്‍മരാജ് (37), കരിങ്കല്‍പാളയം ചിന്നമാരിയമ്മന്‍കോവില്‍വീഥിയില്‍ താമസിക്കുന്ന രാജ (42), നാമക്കല്‍ ജില്ലയിലെ വെപ്പടയില്‍ താമസിക്കുന്ന ഗൗരിശങ്കര്‍ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 25-ാം തീയതി ഈറോഡ് കരിങ്കല്‍പാളയം കുയിലംതോപ്പ് മൂന്നാമത് വീഥിയില്‍ താമസിക്കുന്നതും ഈറോഡ് കരിങ്കല്‍പ്പാളയത്ത് ജൗളിക്കട നടത്തിവരുന്നതുമായ ശിവസുബ്രഹ്മണ്യത്തെയാണ് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. ഈറോഡ് നഗരത്തിലെ വി.ഒ.സി. പാര്‍ക്കില്‍ രാവിലെ പതിവായുള്ള നടത്തംകഴിഞ്ഞ് ശിവസുബ്രമണ്യം വെളിയില്‍ വന്നപ്പോള്‍ കാറിലെത്തിയസംഘം ബലമായിപിടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. 15 ലക്ഷംരൂപ തരണം, ഇല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ശിവസുബ്രഹ്മണ്യവുമായി ഈറോഡ്, നാമക്കല്‍ ഭാഗങ്ങളില്‍ ചുറ്റക്കൊണ്ടിരുന്നു.

