Friday, May 10, 2024
spot_img

ശബരിമലയിലെ തിരക്ക് !ദർശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി ഹൈക്കോടതിയിൽ

ശബരിമലയിലെ തിരക്കിൽ അടിയന്തിരമായി ഇടപെട്ട് ഹൈക്കോടതി. ദർശനസമയം കൂട്ടാനാകുമോ എന്ന് കോടതി ചോദിച്ചപ്പോൾ ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി വ്യക്തമാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലവിലുള്ള 17 മണിക്കൂര്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍കൂടി വര്‍ധിപ്പിച്ച് 19 മണിക്കൂർ ആക്കാനാകുമോ എന്നറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളിക്കയറിയത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേര്‍ ദർശനം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോർട്ട്‌ നൽകണം. ഓൺലൈൻ ബുക്കിങ്, സ്പോട്ട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണം. ഓൺലൈൻ വഴി 90000 പേര്‍ ബുക്കിങ് നടത്തുന്നുവെന്ന് വ്യക്തമാക്കിയ കോടതി, ഈ സാഹചര്യത്തിൽ ദർശനം നടത്താൻ കഴിയുക 76,500 പേർക്ക് മാത്രമാണെന്നും പറഞ്ഞു. മിനിറ്റിൽ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ നിയന്ത്രണാതീതമായി ഭക്തജന തിരക്ക് തുടരുന്നതിനിടെ മണിക്കൂറുകളായി കാത്തു നിന്ന് വലഞ്ഞ ഭക്തർ പലയിടങ്ങളിലും വേലിപൊളിച്ച് നിരതെറ്റിച്ച് കയറിയിരുന്നു. ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജിയടക്കം നിരവധി പേർക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്.

Related Articles

Latest Articles