Tuesday, May 14, 2024
spot_img

ഇനി ഒരു സൈനികനും അപകടത്തിൽ ജീവൻ നഷ്ടപ്പെടില്ല…. ബൈക്ക് ആംബുലൻസുമായി സിആര്‍പിഎഫ്

ദില്ലി: റോയൽ എൻ‌ഫീൽഡിന്‍റെ ക്ലാസിക് 350 ബൈക്ക് ഇനി ആംബുലൻസ്. സൈന്യത്തിനുവേണ്ടിയാണ്​ ‘രക്ഷിത’ എന്ന പേരിൽ ബൈക്ക്​ ആംബുലൻസുകൾ നിർമിച്ചത്​. വിദൂരസ്​ഥലങ്ങളിൽ ​പെ​ട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിനാകും രക്ഷിത ഉപയോഗിക്കുക. പ്രതിരോധ ഗവേഷണ സ്​ഥാപനമായ ഡി.ആർ.ഡി.ഒ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസുമായി (ഇൻ‌മാസ്​) ചേർന്നാണ്​ ”രക്ഷിത” വികസിപ്പിച്ചത്​. ദില്ലിയിലെ സി‌ആർ‌പി‌എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബൈക്കുകൾ ഔദ്യോഗികമായി അനാവരണം ചെയ്​തു. ആദ്യ ബാച്ചായി 21 ബൈക്കുകളാണ് സെൻട്രൽ റിസർവ് പോലീസ് സേനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു അപകടം നടന്ന ശേഷം ഒരാളെ രക്ഷിക്കാൻ ലഭിക്കുന്ന ആദ്യ മണിക്കൂറിനെ ഗോൾഡൻ അവർ എന്നാണ്​ ആരോഗ്യ വിദഗ്​ധർ വിളിക്കുന്നത്​. ഈ സമയത്ത്​ സൈനികരെ ആശുപത്രിയിലെത്തിക്കാൻ രക്ഷിത സഹായകമാകുമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു പുത്തന്‍ ആശയം ഉടലെടുത്തത്. അതേസമയം 2018ലാണ്​ മോ​ട്ടോർബൈക്ക്​ ആംബുലൻസ്​ എന്ന ആശയവുമായി സി‌ആർ‌പി‌എഫ് ഇൻ‌മാസിനെ സമീപിച്ചത്. യുദ്ധമുഖങ്ങളിൽ ഉൾപ്പടെ ഉപയോഗിക്കാൻ കഴിയുന്ന വാഹനം എന്നനിലക്കാണ്​ റോയൽ എൻഫീൽഡ് ക്ലാസിക് 350നെ ആംബുലൻസിനായി തെരഞ്ഞെടുത്തത്​.

അതേസമയം ഇതിന് നിരവധി നേട്ടങ്ങളുമുണ്ട്. തദ്ദേശീയമായതിനാൽ തന്നെ വളരെ ചെലവ് കുറഞ്ഞ സംവിധാനമാണിത്. ഹാൻഡ് ഇമോബിലൈസർ, ഹാർനെസ് ജാക്കറ്റ്, ഫിസിയോളജിക്കൽ പാരാമീറ്റർ മോണിറ്ററിംഗ് സിസ്റ്റം, ഡ്രൈവർക്ക്​ മുന്നറിയിപ്പ് സംവിധാനം, ഓക്സിജൻ കിറ്റ് തുടങ്ങിയവ ആംബുലൻസിലുണ്ട്​. ശരീരത്തിന്‍റെ ആരോഗ്യസംബന്ധമായ സുപ്രധാന പാരാമീറ്ററുകൾ അളക്കുന്നതിനുള്ള ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച എൽസിഡി ഡിസ്​പ്ലേയും ഈ ബൈക്ക് ആംബുലന്‍സിന്‍റെ മറ്റൊരു പ്രത്യേകതയാണ്​. എന്നാല്‍ ഇതിനെല്ലാം പുറമെ അപകട സ്ഥലത്തുതന്നെ വൈദ്യ പരിചരണവും പരിക്കേറ്റവർക്ക്​ ഗതാഗത സംവിധാനവും നൽകാൻ രക്ഷിതയ്ക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

Related Articles

Latest Articles