Friday, May 17, 2024
spot_img

ലക്ഷദ്വീപിലും കോവിഡ്; ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കവരത്തിയില്‍

കവരത്തി: ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കവരത്തിയിലെ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ലക്ഷദ്വീപിൽ ആദ്യ കേസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യമാകെ കോവിഡ് ഭീതിയിലായപ്പോഴും ഏക ആശ്വാസതുരുത്തായിരുന്നു ലക്ഷദ്വീപ്. പുറത്ത് നിന്നും ക്വാറന്റൈന്‍ ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാതിരുന്നതോടെയാണ് ദ്വീപ് സുരക്ഷിതമായിരുന്നത്. എന്നാല്‍ ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയതിനു പിന്നാലെയാണ് കോവിഡ് കേസ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഡിസംബർ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ പരിശോധനയിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ അറിയിച്ചത്. നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കിൽ ഒരാഴ്ച്ച കൊച്ചിയിൽ ക്വാറന്റൈന്‍ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമായിരുന്നു. ഇതിനു മാറ്റം വരുത്തിയതാണ് കോവിഡ് സ്ഥിരീകരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Related Articles

Latest Articles