Sunday, June 16, 2024
spot_img

കോണ്‍ഗ്രസ് നേതാവിനെ സ്വീകരിക്കാന്‍ ചിറകില്‍ പടക്കം കെട്ടി അണികളുടെ ക്രൂരത, കത്തിയെരിഞ്ഞത് രണ്ട് പ്രാവുകള്‍

ഹൈദരാബാദ്: നേതാവിനെ സ്വീകരിക്കാന്‍ പ്രാവിന്‍റെ വാലില്‍ റോക്കറ്റുകെട്ടിവച്ച് കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് പ്രാവുകളുടെ വാലിലാണ് റോക്കറ്റുകള്‍ കെട്ടിവച്ച് ആകാശത്തേക്ക് പറത്തിയത്. അതിദാരുണമായി പ്രാവുകളെ കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിപ്രസിഡന്‍റ് എന്‍ രഘുവീര റെഡ്ഡിയെ സ്വീകരിക്കുന്നതിനിടെയാണ് ഗോദാവരി ജില്ലയില്‍ ഇത്തരമൊരു ക്രൂരത അരങ്ങേറിയത്.

മുന്‍ മന്ത്രി കൊണ്ട്രു മുരളി, രാജ്യസഭാംഗം കെവിപി രാമചന്ദ്ര റാവു എന്നിവര്‍ക്കൊപ്പമാണ് രഘുവീര റെഡ്ഡി കോവ്വൂരിലെത്തിയത്. പ്രാവിന്‍റെ ചിറകുകളില്‍ റോക്കറ്റ് കയറുവച്ച് വലിച്ചുകെട്ടിയാണ് ആകാശത്തേക്ക് പറത്തിയത്. പടക്കം പൊട്ടിത്തെറിച്ചാല്‍ പ്രാവുകള്‍ പറന്നുപോകുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പടക്കം പൊട്ടിയതോടെ പ്രാവുകള്‍ പൂര്‍ണ്ണമായും വെന്തുപോയി.
2001ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. എന്ത് തരം സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ തലമുറയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് ഇന്ത്യന്‍ മൃഗസംരക്ഷണ ബോര്‍ഡ് അധികൃതര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

Related Articles

Latest Articles