നോയിഡയിൽ ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയ യുവാവ് പോലീസ് പിടിയില്‍.ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചാണ് ഫ്‌ളാറ്റില്‍ ശാസ്ത്രീയമായി കഞ്ചാവ് കൃഷി നടത്തിയിരുന്നത്. ഓരോ ചെടിക്കും 50,000 മുതല്‍ 60,000 രൂപ വരെ കിട്ടിയിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി .മീററ്റ് സ്വദേശിയായ രാഹുല്‍ ചൗധരി എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത് ഇംഗ്ലീഷ് ബിരുദധാരിയായ ഇയാള്‍ ചില വെബ്‌സീരിസുകള്‍ കണ്ടത് മുതലാണ് കഞ്ചാവ് കൃഷിയോട് കമ്പം തോന്നിയതെന്നാണ് യുവാവ് പറഞ്ഞത് .
പിന്നീട് ഇന്റര്‍നെറ്റില്‍ നിന്ന് കൃഷിയുടെ വിവരങ്ങള്‍ തേടി. വിത്തുകള്‍ എത്തിക്കുന്നത് മുതല്‍ പരിപാലനവും ഏറ്റവുമൊടുവില്‍ വില്‍പ്പന വരെ എല്ലാം ഇന്റര്‍നെറ്റ് സഹായത്തോടെയായിരുന്നു.ഒരു ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റില്‍ നിന്ന് പ്രീമിയം ഇനത്തില്‍പ്പെടുന്ന കഞ്ചാവ് ചെടികളുടെ വിത്ത് വാങ്ങി. പേപാല്‍ വഴിയാണ് ഇതിന് പണം നല്‍കിയത്. ശേഷം ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും ഇവ വളര്‍ത്തി. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് ചെടികളെയൊന്നും സൂര്യപ്രകാശം കാണിക്കാന്‍ യുവാവ് ധൈര്യപ്പെട്ടിരുന്നില്ല. പകരം ചൂടും വെളിച്ചവും കൃത്രിമമായി കിട്ടാന്‍ ഫുള്‍ സ്‌പെക്ട്രം ലൈറ്റുകളും വളര്‍ച്ചയ്ക്ക് ആവശ്യമായ താപനില കൃത്യമായി ക്രമീകരിക്കാന്‍ എയര്‍ കണ്ടീഷണറുകളും ക്രമീകരിച്ചു.
അതേസമയം ഇത്തരത്തിൽ കഞ്ചാവ് കൃഷി ചെയ്‌ത് ഇതുവരെ 20 ചെടികളാണ് യുവാവ് വിറ്റത് . ഇനി 80ഓളം ചെടികള്‍ ബാക്കിയുണ്ടായിരുന്നു. കൃഷിക്ക് ഉപയോഗിച്ചിരുന്ന നിരവധി രാസ വസ്തുക്കളും ഉപകരണങ്ങളും ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

