Thursday, January 8, 2026

അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി;സാംസ്‌കാരിക മന്ത്രിയുടെ സാംസ്‌കാരിക പരാമർശം വിവാദത്തിൽ

തിരുവനന്തപുരം: അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്ന വിവാദ പരാമർശവുമായി നിയമസഭയിൽ സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു. പരാമർശം സഭാരേഖകളിൽ നിന്ന് നീക്കി.

സഹകരണ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. ‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’എന്നായിരുന്നു മന്ത്രി വാസവൻ പറഞ്ഞത്.മന്ത്രിയുടെ വാക്കുകൾ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

Related Articles

Latest Articles