Friday, March 29, 2024
spot_img

കറന്‍സിക്ക് പേപ്പറിന്റെ വില, വെനസ്വേലക്കാര്‍ സ്വര്‍ണത്തിന് പിന്നാലെ

ആഭ്യന്തര പ്രതിസന്ധിയിലും യുഎസ് ഉപരോധത്തിലും വലയുന്ന വെനസ്വലയില്‍ ദേശീയ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ സ്വന്തം നാട്ടില്‍ പോലും വെനസ്വേലിയന്‍ കറൻസിക്ക് പേപ്പറിന്റെ വിലപോലും ലഭിക്കാതായി. രാജ്യത്തെ ധാതു നിക്ഷേപം ധാരാളമുള്ള വനപ്രദേശങ്ങളില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് വെനസ്വേലക്കാര്‍. രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നു തുടങ്ങിയതിന് പിന്നാലെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വര്‍ണത്തെ കണ്ടുതുടങ്ങി. ഇതോടെ സ്വര്‍ണം അടക്കമുള്ള ധാതുക്കള്‍ സുലഭമായ വനപ്രദേശങ്ങളില്‍ ചെറുകിട ഖനികള്‍ തുടങ്ങി സ്വര്‍ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ് വെനസ്വേലക്കാര്‍.

നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ചെറുതല്ലാത്ത വിധത്തില്‍ ഇത് സഹായിക്കുന്നുണ്ട്. വെനസ്വേലിയന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച മൂലം അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നതിന്റെ ചിലവ് വലിയ തോതില്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പകരമായി ഇപ്പോള്‍ സ്വര്‍ണം ഉപയോഗിച്ചാണ് ഭരണകൂടം അവശ്യസാധനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിപണിയെ ആശ്രയിക്കാതെയാണ് ഈ കൈമാറ്റങ്ങള്‍.

യു.എസ് ഉപരോധം പ്രധാന വരുമാന മാര്‍ഗമായിരുന്ന ക്രൂഡ് ഓയില്‍ വില്‍പ്പനയെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കും സ്വര്‍ണം കുഴിച്ചെടുക്കാമെന്ന അവസ്ഥ വെനസ്വേലയില്‍ സംജാതമായി. ഈ മേഖലയിലുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഫലത്തില്‍ അവിടെയില്ല. സ്വര്‍ണം ഖനനം ചെയ്യുന്നതിനിടെയില്‍ ഖനിഅപകടത്തിലും മെര്‍ക്കുറി ഉപയോഗിച്ച് അശാസ്ത്രീയമായി സ്വര്‍ണം വേര്‍തിരിക്കുന്നതിനിടയില്‍ വിഷബാധയേറ്റും പകര്‍ച്ചവ്യാധികള്‍ മൂലവും നിരവധി ആളുകള്‍ മരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Related Articles

Latest Articles