Tuesday, October 13, 2026

കുസാറ്റ് ദുരന്തത്തിൽ ദുരൂഹതയേറുന്നു !പരിപാടിയ്ക്ക് പൊലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്ത് പോലീസിന് കൈമാറിയില്ലെന്ന ആരോപണവുമായി കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി

കുസാറ്റ് ദുരന്തത്തിൽ ദുരൂഹതയേറ്റിക്കൊണ്ട് ആരോപണവുമായി കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി ആന്റണി രംഗത്ത് . പരിപാടിയ്ക്ക് പൊലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ ഒഫ് എഞ്ചിനിയറിംഗിലെ പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നവംബർ 21 ന് നൽകിയ കത്ത് പോലീസിന് കൈമാറിയില്ല എന്നതാണ് ആരോപണം.

ടെക് ഫെസ്റ്റിൽ 24-നും 25-നും നടക്കുന്ന സംഗീത പരിപാടികൾ അ‌ക്കമിട്ട് നിരത്തി സംരക്ഷണം ആവശ്യപ്പെട്ടാണ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നത്. പൊതുവഴിക്ക് സമീപമാണ് സംഗീതനിശ നടക്കുന്നത് എന്നതിനാൽ പൊതുജനങ്ങളും പരിപാടിയ്ക്ക് എത്തുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഇത് പൊലീസിന് കൈമാറാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആൻസൺ പി ആന്റണി ആരോപിച്ചു.

എന്നാൽ പരിപാടിയെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വൈസ് ചാൻസലർ പി ജി ശങ്കരന്റെ പ്രതികരണം. സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും, പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പോലീസുകാർ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് മരിച്ചത്.കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ്, വടക്കൻ പറവൂർ സ്വദേശി ആൻ റിഫ്‌റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 42 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Related Articles

Latest Articles