Saturday, May 18, 2024
spot_img

“ആരാണ് ഹൈദർ ? ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും !” – കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി

തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് “ഭാഗ്യനഗർ” എന്നാക്കി മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി. കിഷന്‍ റെഡ്ഡി വ്യക്തമാക്കി. തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദര്‍ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ്‌ ഹൈദര്‍ വന്നത്? നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോ? ബിജെപി അധികാരത്തിലെത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ ‘ഹൈദറി’നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കും. മദ്രാസിന്റെയും ബോംബെയുടെയും കല്‍ക്കട്ടയുടെയുമെല്ലാം പേരുകള്‍ മാറ്റിയില്ലേ ?, മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബിജെപി അല്ല, ഡിഎംകെ ആണ്. മദ്രാസ് ചെന്നൈയും ബോംബെ മുംബൈയും കല്‍ക്കട്ട കൊല്‍ക്കത്തയും രാജ്പഥ് കര്‍ത്തവ്യപഥും ആയി മാറുമ്പോള്‍ ഹൈദരബാദ് ഭാഗ്യനഗര്‍ ആകുന്നതില്‍ എന്താണ് പ്രശ്‌നം? ബിജെപി അധികാരത്തിലെത്തിയാല്‍ അടിമമനോഭാവം പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ളതെല്ലാം പൂര്‍ണ്ണമായി നീക്കം ചെയ്യും. പേരുകള്‍ മാറ്റുമ്പോള്‍ പണ്ഡിതന്മാ‍രോട് ഉപദേശം തേടും.” – ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.

നേരത്തെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റണമെന്നും മഹബൂബ് നഗറിന്റെ പേര് പലമുരു എന്നാക്കി മാറ്റണമെന്നും തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വേളയിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Related Articles

Latest Articles