നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചന കേസ്സിൽ പിടിയിലായ സൈബർ വിദഗ്ധൻ സായ് ശങ്കറിന് ജാമ്യം. ആലുവ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ്സിൽ സുപ്രധാന തെളിവുകളായ ഡിജിറ്റൽ ഉപകാരണങ്ങളിൽ രേഖകൾ നീക്കിയ കേസിലാണ് ഒളിവിലായ സായ് ശങ്കർ പിടിയിലായത്. ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ചാണ് സുപ്രധാന രേഖകൾ നീക്കിയതെന്ന് സായ് ശങ്കർ മൊഴിനൽകിയതായാണ് വിവരം.
നടിയെ ആക്രമിച്ച കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ദിലീപും കൂട്ടാളികളും ഗൂഡാലോചന നടത്തി എന്ന കേസിലാണ് സായ് ശങ്കർ പ്രതിയാകുന്നത്. ദിലീപിന്റെ കൂട്ടാളികളുടെയും ഡിജിറ്റൽ ഉപകാരണങ്ങളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കം ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ നീക്കം ചെയ്ത കുറ്റമാണ് സായ് ശങ്കറിന് മേൽ ചുമത്തിയിട്ടുള്ളത്.

