CYRUSമുംബൈ: വ്യവസായ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണം. അദ്ദേഹത്തിന്റെ കാർ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടാണ് അദ്ദേഹം മരിക്കുന്നത്. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് അന്വേഷണ റിപ്പോർട്ട് പാൽഘർ പൊലീസിന് കൈമാറി. അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 89 കിലോമീറ്ററായി കുറഞ്ഞു. ഈ ഘട്ടത്തിലാണ് കൂട്ടിയിടി നടന്നത്. 100 കിലോമീറ്റര്‍ വേഗതയിലോടിക്കുമ്പോള്‍ എത്ര തവണ ബ്രേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പൊലീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം നടന്നപ്പോള്‍ വാഹനത്തിനുള്ളില്‍ നാല് എയര്‍ബാഗുകളാണ് പ്രവര്‍ത്തിച്ചത് എന്നാണ് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവര്‍ത്തിച്ച നാല് എയര്‍ബാഗുകളും വാഹനത്തിന്റെ മുന്നിലായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അപകടത്തില്‍പ്പെട്ട വാഹനം കമ്പനി ഷോറൂമിലെത്തിക്കും. ഹോങ്കോങ്ങില്‍ നിന്നുള്ള സംഘം കാര്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. അപകടത്തിനു തൊട്ടുമുൻപ് കാർ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലാണു സഞ്ചരിച്ചതെന്ന് പ്രാഥമിക വിവരമുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് കമ്പനി റിപ്പോർട്ട്. ഗൈനക്കോളജിസ്റ്റായ അനാഹിത പണ്ഡോെള ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മഹാരാഷ്ട്ര പാൽഘറിലെ സൂര്യാനദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറിയായിരുന്നു അപകടം.
കാറിന്റെ പിന്‍സീറ്റിലിരുന്ന മിസ്ത്രിയും അനാഹിതയുടെ ഭര്‍തൃ സഹോദരനുമായ ജഹാന്‍ഗീര്‍ പണ്ഡോളയുമാണ് മരിച്ചത്. മുന്‍സീറ്റിലായിരുന്ന അനാഹിതയും ഭര്‍ത്താവ് ഡാരിയസ് പണ്ഡോളയും പരുക്കേറ്റ് ചികിത്സയിലാണ്. പൊലീസ്, മോട്ടർ വാഹനവകുപ്പ്, കാർ നിർമാതാക്കൾ എന്നിങ്ങനെ വ്യത്യസ്ത സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. വ്യവസായ ലോകത്തെ അതികായകന്റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതകളുണ്ടെങ്കിൽ അത് നീക്കുകയാണ് പോലീസ് അന്വേഷണത്തിന് പിന്നിൽ. അതിന്റെ ഭാഗമായിട്ടാണ് കാർ നിർമ്മാതാക്കളുടെ അന്വേഷണ റിപ്പോർട്ടും പരിഗണിക്കുന്നത്

