Friday, May 3, 2024
spot_img

ചതയം നക്ഷത്രക്കാര്‍ക്ക് അനുഗ്രഹം നൽകുന്ന ദക്ഷിണ കൈലാസം; ശിവനെ വടക്കുംനാഥനായി ആരാധിക്കുന്ന ക്ഷേത്രം; അറിയാം കഥയും വിശ്വാസവും!

തൃശ്ശൂരിലെ പ്രസിദ്ധമായ വടക്കുംനാഥൻ ക്ഷേത്രമാണ് ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. തൃശ്ശൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിൽ ഒന്നാമത്തേതു കൂടിയാണ്. മൂന്നു പ്രധാന പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. എന്നാൽ വടക്കുംനാഥ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ശിവനെയാണ് വടക്കുംനാഥനായി ഇവിടെ ആരാധിക്കുന്നത്. പരമശിവൻ, രാമസ്വാമി, ശങ്കരനാരായണമൂർത്തി എന്നീ മൂന്നുപേരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. അതിൽ ശിവൻ വടക്കുഭാഗത്തും ശ്രീരാമൻ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും വാഴുന്നുവെന്നാണ് വിശ്വാസം. എന്നാൽ ക്ഷേത്രപാരമ്പര്യങ്ങൾ പ്രാധാന്യം നല്കുന്നത് വടക്കുഭാഗത്തെ പ്രതിഷ്ഠയ്ക്കാണ്. വടക്കിന്റെ നാഥന്‌ പിന്നീട് വടക്കുംനാഥനായി മാറുകയായിരുന്നു.

വടക്കുംനാഥ ക്ഷേത്ര വിശ്വാസങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒന്നാണ് ഇവിടുത്തെ കലിശില. പടിഞ്ഞേറെ ഗോപുരം വഴി ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുമ്പോഴാണ് ഇത് കാണുവാൻ സാധിക്കുന്നത്. സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. ഓരോ ദിവസംചെല്ലുംതോറും ഈ ശില വളരുന്നുണ്ടെന്നും എന്നാണോ ഇത് പടിഞ്ഞാറേ ഗോപുരത്തിന്‍റെയത്രയും ഉയരത്തിലെത്തുന്നത്, അന്ന് ലോകം അവസാനിക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

വിശ്വാസികൾ വടക്കുംനാഥ ക്ഷേത്രത്തെ ദക്ഷിണ കൈലാസം എന്നാണ് വിളിക്കുന്നത്. ഇതിനു കാരണം ഇവിടുത്തെ നെയ്മലയാണ്. ശിവനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന വടക്കേ അറ്റത്തെ ശ്രീകോവിലിലെ ശിവലിംഗത്തിൽ നെയ്യാണ് അഭിഷേകത്തിനുപയോഗിക്കുന്നത്. ഇത് നീക്കം ചെയ്യാറില്ലെന്നു മാത്രമല്ല, ഇതിനു മുകളിലായി നെയ്യഭിഷേകവും നടത്തുന്നു. അങ്ങനെ ശിവലിംഗത്തിന്റെ സ്ഥാനത്ത് ഒരു വലിയ മലപോലയാണ് കാണപ്പെടുന്നത്. അങ്ങനെ നെയ്മല എന്നറിയപ്പെടുന്നു. കൈലാസപർവ്വതത്തെ സൂചിപ്പിയ്ക്കുന്നതാണ് നെയ്മല എന്നാണ് വിശ്വാസം.

വടക്കുംനാഥ ദർശനത്തിന് ഏറ്റവും യോജിച്ച സമയം എന്നത് തിങ്കളാഴ്ചകളാണ് എന്നാണ് വിശ്വാസം. രാവിലെ നെയ്യഭിഷേകവും വൈകിട്ട് ശംഖാഭിഷേകവുമാണു പ്രധാനപ്പെട്ട അഭിഷേകങ്ങൾ. ഇവിടുത്തെ തൃപ്പുക തൊഴൽ വളരെ പ്രസിദ്ധമാണ്. അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ദേവന്മാർ ഈ സമയത്ത് വടക്കുംനാഥ സന്നിധിയിൽ എത്തുമത്രെ.

Related Articles

Latest Articles