ദില്ലി: ഫ്രാൻസിലെ ദസ്സോ ഏവിയേഷന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഭാരതത്തിൽ നിർമ്മിക്കാൻ ധാരണ. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായി സഹകരിച്ചാകും ഭാരതത്തിൽ വിമാനങ്ങൾ നിർമ്മിക്കുക.പാരിസ് എയർ ഷോയിൽ വെച്ചായിരുന്നു ഇരുകമ്പനികളും സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ദസ്സോ, ഫാൽക്കൺ 2000 ജെറ്റുകൾ ഫ്രാൻസിന് പുറത്ത് നിർമ്മിക്കുന്നത് ആദ്യമായാണ്. മഹാരാഷ്ട്രയിലെ നാഗ്പുരിലാകും നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുക.
ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ ജെറ്റുകൾ 2028 ഓടെ കോർപ്പറേറ്റ്, സൈനിക ആവശ്യങ്ങൾക്കായി കൈമാറാൻ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി. ഇതോടെ ആഗോള വിപണി ലക്ഷ്യമിട്ട് ബിസിനസ് ജെറ്റുകൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭാരതവും ഇടംപിടിക്കും. നിലവിൽ അമേരിക്ക, ഫ്രാൻസ്, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ആഗോള വിപണി ലക്ഷ്യമിട്ട് ബിസിനസ് ജെറ്റുകൾ നിർമ്മിക്കുന്നത്.

