കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ. മുൻപ് സംസ്കാരം നടത്തിയ ഒരു കല്ലറയ്ക്കുള്ളിൽ മറ്റൊരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ചർച്ചകൾ സജീവമായത്. സാധാരണ നിലയിൽ ക്രൈസ്തവ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്കരിക്കുന്ന പതിവില്ലാത്തതാണ് സംഭവത്തിൽ കടുത്ത സംശയങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി പള്ളി അധികൃതർ കല്ലറ തുറന്നപ്പോഴാണ് ഒരേ കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
തുടർന്ന് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ എന്ന വ്യക്തി ഈ അസാധാരണ സംഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ വസ്തു മൃതദേഹം തന്നെയാണെന്ന സംശയം ശക്തമായതോടെ കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ യാതൊരുവിധ ഒളിച്ചുകളിയുമില്ലെന്നും കല്ലറ തുറന്നപ്പോൾ ഉണ്ടായ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പള്ളി കമ്മിറ്റി പോലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി. ദുരൂഹതകൾ നീക്കാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന എല്ലാത്തരം അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിക്കുമെന്നും പള്ളി അധികൃതർ അറിയിച്ചു.
കല്ലറകളുടെ നമ്പറുകൾ രേഖപ്പെടുത്തിയതിലോ മാറ്റിസ്ഥാപിച്ചതിലോ പള്ളി അധികൃതർക്ക് സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പിഴവാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു മൃതദേഹം തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ വിശദമായ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. നിലവിലുള്ള അന്വേഷണത്തിൽ കൃത്യമായ വ്യക്തത ലഭിക്കാത്ത പക്ഷം, കോടതിയുടെ അനുമതിയോടെ കല്ലറയിലെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പോലീസും.

