ദില്ലി: റാഞ്ചിയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന പെട്രോൾ ബോംബേറിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയെന്ന് പോലീസ് കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് പാക് പിന്തുണയുള്ള ‘തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ’ (TTH) എന്ന സംഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കേസിൽ പ്രതികൾ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
അറസ്റ്റിലായ പ്രതികൾ ബോട്ടിം , വാട്‌സ്ആപ്പ് തുടങ്ങിയ എൻക്രിപ്റ്റഡ് സന്ദേശമയയ്ക്കൽ ആപ്പുകൾ വഴി തങ്ങളുടെ ഹാൻഡ്‌ലർമാരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ദുബായിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്പാണ് ബോട്ടിം. ആർഎസ്എസ് ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും, തുടർന്ന് ഈ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ വിദേശത്തുള്ള ഹാൻഡ്‌ലർക്ക് അയച്ചുനൽകുകയും ചെയ്തതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
കേസിലെ മുഖ്യപ്രതികളായ സെയ്ഫ് അൻസാരി, അമൻ അൻസാരി എന്നിവർ നേരത്തെ ദുബായ് സന്ദർശിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഇവർ ഷഹബാസ് റാണ എന്ന ഭട്ടി എന്ന പാകിസ്ഥാൻ സ്വദേശിയുമായി സമ്പർക്കത്തിലാകുന്നത്. ദുബായിൽ വെച്ചാണ് ഇവർ കടുത്ത തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരായതെന്നും തുടർന്ന് ഇന്ത്യ വിരുദ്ധ അജണ്ടകളുമായി പ്രവർത്തിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാന്റെ ഭാഗമാകാൻ സമ്മതിക്കുകയായിരുന്നു എന്നുമാണ് സൂചന. സംഭവത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ സംയുക്തമായി വിശദമായ അന്വേഷണം തുടർന്നു വരികയാണ്.

