Thursday, May 16, 2024
spot_img

മനുഷ്യനും,കാലവും, പ്രകൃതിയും കൈകൂപ്പുന്നു… മഹാഋഷിവര്യൻ്റെ ഓർമ്മകൾക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം!

കോട്ടയം: അടുപ്പമുള്ളവർ പരമേശ്വർജി എന്നു വിളിക്കുന്ന പി.പരമേശ്വരൻ ബൗദ്ധികമായ ഔന്നത്യത്തിൽ എന്നും മലയാളികളുടെ അഭിമാനമാണ്. 1927ൽ കന്നിമാസത്തിലെ തിരുവോണനാളിൽ ചേർത്തല താലൂക്കിലെ ചാരമംഗലത്ത് താമരശേരി ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജനത്തിന്റെയും ഇളയ സന്താനമായാണു പരമേശ്വർജിയുടെ ജനനം. പണ്ഡിതനും കവിയുമായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ സാഹിത്യാഭിരുചി പരമേശ്വർജിക്കും ലഭിച്ചു.

അദ്ദേഹം കായിക്കര ആർഎൽപി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ചേർത്തല ഇംഗ്ലിഷ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ചങ്ങനാശേരി എസ്.ബി കോളജിൽനിന്ന് ഫെലോ ഓഫ് ആർട്സ് യോഗ്യതയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഒന്നാം റാങ്കോടെ ചരിത്രം ഐച്ഛിക വിഷയമായി ബി.എ ഓണേഴ്സും പാസായി. എന്നാൽ, എസ്ബി കോളജിൽ പഠിക്കവേ, യങ്മെൻ അസോസിയേഷൻ എന്നൊരു സംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. കൂടാതെ ചെറുപ്പത്തിൽതന്നെ ആത്മീയകാര്യങ്ങളിൽ തൽപരനായിരുന്ന പരമേശ്വർജി പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് സ്വാമി ആഗമാനന്ദയോടൊത്ത് ഭാരതതീർഥാടനം നടത്തുകയുണ്ടായി. എന്നാൽ, യാത്രയ്ക്കിടെ കൊൽക്കത്ത ബേലൂർമഠം സന്ദർശിച്ച അദ്ദേഹം രാമകൃഷ്ണ മിഷനിൽനിന്ന് ദീക്ഷ സ്വീകരിച്ചു.

പിന്നീട് തമിഴ്നാട്ടിലെ ആറ്റൂരിൽ നടന്ന ആർ.എസ്.എസ് സമ്മേളനത്തിനിടെ സംഘടനാ തലവൻ ഗുരുജി എന്ന ‘എം.എസ്.ഗോൾവാൾക്കറുമായി’ നേരിട്ട് ഇടപഴകുവാൻ അവസരമുണ്ടായതാണു പി.പരമേശ്വരന്റെ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളിൽ നിർണായകമായത്. ഗോൾവാൾക്കറുമായും ഉത്തരേന്ത്യക്കാരായ ആർ’എസ്.എസ് പ്രമുഖരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി. മുഴുവൻസമയ ആർ.എസ്.എസ് പ്രവർത്തകനായി മാറിയ അദ്ദേഹം തിരുവനന്തപുരത്തും പിന്നീട് കൊല്ലത്തും ചങ്ങനാശേരിയിലും കോഴിക്കോട്ടും സജീവമായി സംഘടനാപ്രവർത്തനം നടത്തി.

അതേസമയം സംഘർഷത്തിലൂടെയല്ല സമന്വയത്തിലൂടെയാണു പുതിയ ലോകം സൃഷ്ടിക്കപ്പെടേണ്ടത് എന്നു വാദിച്ച ദീനദയാൽ ഉപാധ്യായയുടെ ആദർശങ്ങൾ പരമേശ്വരനെ വളരെ സ്വാധീനിച്ചു. തുടർന്ന് ജനസംഘത്തിന്റെ കേരളത്തിലെ സംഘടനാകാര്യദർശിയായിരുന്ന പരമേശ്വരൻ ജനസംഘം സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷൻ തുടങ്ങിയ തലങ്ങളിലേക്ക് ഉയർന്നു.

1982-ൽ തിരുവനന്തപുരത്ത് ഭാരതീയവിചാരകേന്ദ്രം സ്ഥാപിച്ചു. കൂടാതെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിധികൾ മറികടന്ന് രാജ്യത്തും വിദേശത്തുമുള്ള പ്രഗദ്‌ഭരായ ചിന്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നിരന്തരം ചർച്ചകളും സെമിനാറുകളും നടത്തി. അതേസമയം, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെയും അധ്യക്ഷനായിരുന്നു. മാത്രമല്ല ശ്രീനാരായണഗുരുവിനെക്കുറിച്ച് നവോഥാനത്തിന്റെ പ്രവാചകൻ എന്ന പേരിലും മഹർഷി അരവിന്ദനെക്കുറിച്ച് ശ്രീഅരവിന്ദൻ ഭാവിയുടെ ദാർശനികൻ എന്ന പേരിലും പുസ്തകങ്ങൾ എഴുതി. “കേരളം ഭ്രാന്താലയത്തിൽനിന്ന് തീർഥാലയത്തിലേക്ക്, ഹാർട്ബീറ്റ് ഓഫ് ഹിന്ദു നേഷൻ, സ്വതന്ത്രഭാരതം ഗതിയും നിയതിയും, ദിശാബോധത്തിന്റെ ദർശനം” തുടങ്ങിയവയും അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

Related Articles

Latest Articles