Saturday, May 4, 2024
spot_img

ഒരു രാജ്യത്ത് രണ്ടു ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിമാരും, രണ്ട് പതാകയും നടക്കില്ലെന്ന് വാശിപിടിച്ച ദേശീയവാദി; വിഘടനവാദികളുടെ അജണ്ടകൾക്ക് മുന്നിൽ രാഷ്ട്രത്തിന്റെ സ്വാഭിമാനം പണയംവച്ച ഭരണാധികാരികൾക്കെതിരെ നിരന്തരം കലഹിച്ച നേതാവ്; ഇന്ന് രാഷ്ട്രത്തിന്റെ അഖണ്ഡതക്കായി ജീവൻ ബലിയർപ്പിച്ച ശ്യാമപ്രസാദ് മുഖർജിയുടെ ചരമദിനം

ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മുകശ്‌മീരിലേക്ക് കടക്കണമെങ്കിൽ പെർമിറ്റ് വേണമെന്ന വ്യവസ്ഥിതിക്കെതിരെ സമാനതകളില്ലാത്ത സമരമുഖം തുറന്ന ദേശീയവാദിയായിരുന്നു ഭാരതീയ ജന സംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി. ഒരു രാജ്യത്ത് രണ്ടു ഭരണഘടനയും, രണ്ട് പ്രധാനമന്ത്രിമാരും, രണ്ട് പതാകയും നടക്കില്ലെന്ന് വാശിപിടിച്ച നേതാവാണദ്ദേഹം. ഇന്ന് രാജ്യത്തിന്റെ അഖണ്ഡതക്കായി ജീവൻ ബലിയർപ്പിച്ച ദേശീയ നേതാവിന് സ്മരണാഞ്ജലിയർപ്പിക്കുകയാണ് രാഷ്ട്രം. മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനും പണ്ഡിതസഭംഗവുമായിരുന്നു ശ്യാമപ്രസാദ്. രാജ്യത്തിൻറെ അഖണ്ഡതക്കേറ്റ ക്ഷതമാണ് ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പെന്ന് വിശ്വസിച്ചവരുടെ നേതാവായിരുന്നു അദ്ദേഹം. പിൽക്കാലത്ത് 2019 ൽ ഈ വകുപ്പ് രാഷ്ട്രം എടുത്ത് കളഞ്ഞ് കശ്മീരിനെ രാജ്യത്തോട് കൂട്ടിച്ചേർത്തപ്പോൾ ഓരോ ദേശീയവാദിയുടെ മനസ്സിലും തെളിഞ്ഞു വന്ന മുഖം ശ്യാമപ്രസാദ് മുഖർജിയുടേതായിരുന്നു.

1901 ജൂലൈ 6 ബംഗാൾ പ്രവിശ്യയിൽ കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അശുതോഷ് മുഖർജി, ജോഗമയ ദേവി ദമ്പതികളുടെ പുത്രനായി ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ശ്യാമ പ്രസാദ് മുഖർജിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവായ അശുതോഷ് മുഖർജി ബംഗാളിലെ കൊൽക്കൊത്ത ഹൈക്കോടതിയിലെ ഒരു ജഡ്ജിയും ഒപ്പം കൊൽക്കൊത്ത സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു. 1929 ൽ ബംഗാൾ ലെജിസ്ലീറ്റവ് കൗൺസിലിലേക്ക് ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയായി കൊൽക്കത്താ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചുകൊണ്ടാണ് ശ്യാമപ്രസാദ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1939 ൽ അദ്ദേഹം ഹിന്ദു മഹാ സഭയിൽ ചേർന്നു. 1943 ൽ സംഘടനയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായി. 1946 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയും ചെയ്‌തു. ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ മന്ത്രിയായി. കശ്‌മീർ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 നെ ദേശീയ ഐക്യത്തിന് ഒരു ഭീഷണിയായി കണക്കാക്കിയ ശ്യാമ പ്രസാദ് മുഖർജി അതിനെ ശക്തമായി എതിർത്തിരുന്നു. ഭാരതീയ ജനസംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനായി പാർലമെന്റിനകത്തും പുറത്തും അദ്ദേഹം പോരാടി. 1952 ജൂൺ 26 ന്‌ ലോക്‌സഭാ പ്രസംഗത്തിൽ അദ്ദേഹം ഈ വ്യവസ്ഥയ്‌ക്കെതിരെ ശക്തമായി ശബ്ദമുയർത്തി. ആർട്ടിക്കിൾ 370 നു കീഴിലുള്ള ക്രമീകരണങ്ങളെ ഷെയ്ഖ് അബ്ദുല്ലയുടെ ത്രിരാഷ്ട്ര സിദ്ധാന്തം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഒരു പ്രധാനമന്ത്രി പദവിയ്ക്കൊപ്പം സംസ്ഥാനത്തിന് സ്വന്തം പതാക അനുവദിക്കപ്പെടുകയും സംസ്ഥാനത്ത് പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നു വ്യവസ്ഥ ചെയ്യപ്പെടുകയും ചെയ്തു. ഇതിനെ എതിർത്തുകൊണ്ട് മുഖർജി ഒരിക്കൽ പറഞ്ഞു, “ഏക് ദേശ് മേൻ ദോ വിധാൻ, ദോ പ്രധാൻ ഔർ ദോ നിഷാൻ നഹി ചലേംഗേ” (ഒരു രാജ്യത്തിന് രണ്ട് ഭരണഘടനകളും രണ്ട് പ്രധാനമന്ത്രികളും രണ്ട് ദേശീയ ചിഹ്നങ്ങളും ഉണ്ടാകരുത്). ഈ ആർട്ടിക്കിൾ റദ്ദാക്കുന്നതിനായി ഭാരതീയ ജനസംഘവും ഹിന്ദു മഹാസഭയും ജമ്മു പ്രജാ പരിഷത്തും ചേർന്ന് ഒരു വിപുലമായ സത്യാഗ്രഹം നടത്തിയിരുന്നു.

1953 മെയ് 11 ന് കശ്മീരിൽ പ്രവേശിക്കവേ മുഖർജി അറസ്റ്റ് ചെയ്യപ്പെട്ടു.[62] അദ്ദേഹത്തെയും രണ്ട് അനുചരന്മാരേയും ആദ്യം ശ്രീനഗറിലെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് അവരെ നഗരത്തിന് പുറത്തുള്ള ഒരു കളപ്പുരയിലേയ്ക്കു മാറ്റി. ജൂൺ 23 ന് പുലർച്ചെ 3: 40 ന് അദ്ദേഹം കസ്റ്റഡിയിൽ വച്ച് ഹൃദയാഘാതം കാരണം മരണപ്പെട്ടു എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽ ദുരൂഹമായി മരണമടഞ്ഞവരുടെ പട്ടികയിൽ ശ്യാമപ്രസാദിന്റെ പേരും എഴുതി ചേർക്കപ്പെട്ടു. ഇനിയും ചുരുളഴിയാത്ത ദുരൂഹ മരണം.

Related Articles

Latest Articles