Saturday, May 18, 2024
spot_img

കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം! ടൈറ്റാനിക്കിന് സമീപം അവശിഷ്ടങ്ങള്‍ കണ്ടെത്തി, ടൈറ്റൻ അന്തർവാഹിനി തകർന്നതായി സ്ഥിരീകരണം

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ തകർന്നതായി സ്ഥിരീകരിച്ചു. അഞ്ച് യാത്രക്കാരും മരിച്ചുവെന്നും യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കടലിനടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ.

ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.5 യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ​ഗാർഡിന് ലഭിക്കുന്നത്. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോ​ഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്. ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്.

Related Articles

Latest Articles