Monday, May 20, 2024
spot_img

സംസ്ഥാനത്ത് പനി മൂലമുള്ള മരണം ഉയരുന്നു; ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ പരക്കെയുള്ളതിനാൽ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി . സംസ്ഥാനത്ത് പനി മൂലമുള്ള മരണം ഉയരുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ മുന്നറിയിപ്പ്. ഡെങ്കിപ്പനി മൂലം തൃശ്ശൂരിൽ ചികിത്സയിലായിരുന്ന 13 കാരനും തിരുവനന്തപുരത്ത് 56 കാരനും മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണു ഡെങ്കിപ്പനി മൂലം മരിച്ചത്. ഇതോടെ വിവിധ പകർച്ചാ വ്യാധികൾ മൂലം ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 41 ആയി.

ഏതു പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാനുള്ള സാധ്യതയുള്ളതിനാൽ തീവ്രമായതോ നീണ്ടു നില്‍ക്കുന്നതോ ആയ എല്ലാ പനിബാധകള്‍ക്കും വൈദ്യസഹായം തേടണമെന്നു മന്ത്രി പറഞ്ഞു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവെ കാണപ്പെടുന്ന മറ്റു വൈറല്‍പ്പനികൾക്ക് സമാനമാണ്. അതിനാല്‍ തന്നെ ഡെങ്കിപ്പനി തിരിച്ചറിയാന്‍ കഴിയാതെ വരാം. പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിനെ നശിപ്പിക്കാൻ ഡ്രൈ ഡേ ആചരിക്കും.

Related Articles

Latest Articles