Monday, May 20, 2024
spot_img

സർക്കാർ വാഗ്ദാനം ചെയ്ത സബ്സിഡി ലഭിച്ചില്ല, സാധാരണക്കാരന് തണലായിരുന്ന ജനകീയ ഹോട്ടൽ അടച്ചു പൂട്ടി

പറക്കോട് : സബ്സിഡി യഥാസമയം ലഭിക്കാത്തതിനെ തുടർന്ന് സാധാരണക്കാരന്റെ അത്താണിയായി മാറിയ നഗരസഭയിലെ ജനകീയഹോട്ടൽ അടച്ചുപൂട്ടിയ നിലയിൽ . പറക്കോട് ജംഗ്ഷനിൽ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് നടത്തിയിരുന്ന ജനകീയ ഹോട്ടലിനാണ് താഴ് വീണത് .നഗരസഭയിലെ 3, 4 വാർഡുകളിൽ ‌പട്ടികജാതി വിഭാഗത്തിൽപ്പെട്ട 4 പേരും ജനറൽ വിഭാഗത്തിൽ ഒരാളും ചേർന്ന് നടത്തിയ ഹോട്ടലാണ് 6 മാസമായി പൂട്ടിക്കിടക്കുകയാണ്.

രാവിലെ ആവിയിൽ പുഴങ്ങിയതുൾപ്പെടെയുള്ള പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണും വൈകുന്നേരം ലഘുഭക്ഷണവുമാണ് ജനങ്ങൾക്ക് ഇവിടെ നിന്ന് ലഭ്യമായിരുന്നത്. ഇന്നത്തെ സാധനങ്ങളുടെ തീ വിലയിൽ പ്രദേശവാസികൾക്ക് ഇത് ഒരു ആശ്വാസമായിരുന്നു. ഡിസംബറിലാണ് 5 പേരിൽ മൂന്നു പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ നടത്തിക്കൊണ്ടുപോകാൻ ആളില്ലാത്ത സ്ഥിതിയുണ്ടായത്. എങ്കിലും ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പുറത്ത് നിന്ന് ആളിനെ വിളിച്ചു ഭക്ഷണം തയാറാക്കി കൊടുത്തിരുന്നു.

എന്നാൽ സർക്കാർ വാഗ്ദാനം ചെയ്ത സബ്സിഡി യഥാസമയം കിട്ടാതെ വന്നതോടെ നഷ്ടത്തിലേക്ക് കൂപ്പ്കുത്തുകയും പിടിച്ചു നിൽക്കാൻ കഴിയാതെ ഡിസംബറിൽ അടച്ചുപൂട്ടുകയും ചെയ്തു. നേരത്തെ ഇവിടെ കുടുംബശ്രീകഫേ തുടങ്ങാനായി 2 ലക്ഷം രൂപ കേരള ബാങ്കിൽ നിന്ന് വായ്പ എടുത്ത് ഇതിനുള്ള പണികളും ചെയ്തിരുന്നതാണ്. എന്നാൽ സർവ പ്രതീക്ഷകളെയും മുരടിപ്പിച്ചുകൊണ്ട് കോവിഡ് വന്നു. പിന്നീട് കഫേ നടത്താൻ കഴിഞ്ഞില്ല. കോവിഡ് മാറിയതോടെ ജനകീയഹോട്ടൽ നടത്താനായി മുന്നിട്ടിറങ്ങുകയത്. ഹോട്ടൽ പൂട്ടിയതോടെ നേരത്തെ കഫേയ്ക്കു വേണ്ടി കേരള ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണ് ഈ 5 കുടുംബശ്രീ അംഗങ്ങൾ.

Related Articles

Latest Articles