ഭാരതീയ ചിന്താ ധാരകളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള സാമ്പത്തിക സാമൂഹിക നയങ്ങളാണ് രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിന് ആവശ്യമെന്നു വിശ്വസിച്ചിരുന്ന ദാർശനികനായ രാഷ്ട്രീയ നേതാവായ ദീൻദയാൽ ഉപാദ്ധ്യായയുടെ അൻപത്തിയഞ്ചാമത് സ്‌മൃതിദിനമാണിന്ന്. ഇടത് വലത് പക്ഷ രാഷ്ട്രീയ ചിന്താധാരകളുടെ ന്യൂനതകൾ വ്യക്തമായി പഠിച്ച ദീനദയാൽ ഗ്രാമീണ ഭാരതത്തിന്റെ ഉന്നതിക്കായി ഏകാത്മ മാനവ ദർശനം മുന്നോട്ട് വച്ചു. 1965 ൽ ഭാരതീയ ജനസംഘം ഈ സിദ്ധാന്തമാണ് പാർട്ടിയുടെ തത്വസംഹിതയായി സ്വീകരിച്ചത്. ഇന്നും ബിജെപിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രമാണ് ഏകാത്മ മാനവ ദർശനം. മികച്ച സാമ്പത്തിക നയം ഇല്ലാത്ത പാർട്ടിക്ക് ജനാധിപത്യത്തിൽ നിലനിൽപ്പില്ലെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു. ഭാരതത്തിന്റെ ഭാവി വാഗ്ദാനമായിരുന്നു ഈ രാഷ്ട്രീയ നേതാവ് 1968 ഫെബ്രുവരി 11 ന് ആസൂത്രിത കൊലപാതകത്തിന് ഇരയാകുകയായിരുന്നു. ഉത്തർപ്രദേശ് വാരണാസിയിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
ദീൻദയാലിന്റെ കൊലപാതകികളെ കുറിച്ചോ പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചോ 55 വർഷങ്ങൾക്ക് ശേഷവും ഒരു വിവരവുമില്ല. ആ ദേശീയ നേതാവിന്റെ കൊലപാതകം ഇന്നും ദുരൂഹമായി തുടരുന്നു. ആദ്യം അന്വേഷിച്ച സിബിഐക്കോ പിന്നീടുവന്ന ചന്ദ്രചൂഡ് കമ്മീഷനോ വസ്തുതകൾ കണ്ടെത്താനായില്ലെന്നത് ദുരൂഹമാണ്. രാഷ്ട്രീയ തിരിച്ചടി ഭയന്ന് ഇന്ദിരാഗാന്ധി സർക്കാർ അന്വേഷണം അട്ടിമറിക്കുകയായിരുന്നു. എന്ന് വിശ്വസിക്കുന്നവരാണ് അധികവും. കാരണം അന്വേഷണം ഏൽപ്പിക്കുമ്പോൾ സിബിഐ ഡയറക്ടർ ജോൺ ലോബോ ആയിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന ഖ്യാതി നേടിയ ഉദ്യോഗസ്ഥനായിരുന്നു ജോൺ ലോബോ. അന്വേഷണം സിബിഐക്ക് കൈമാറിയ ഉടൻ ലോബോ സംഘത്തോടൊപ്പം മുഗൾസരായിലേക്ക് പോയി. എന്നാൽ ജോലി പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തിരികെ വിളിച്ചു. ഇത് അന്വേഷണം അട്ടിമറിക്കപ്പെടാൻ പോകുന്നു എന്ന സംശയം ജനങ്ങളിലുണ്ടാക്കി. പ്രതീക്ഷിച്ചതുപോലെ തന്നെ സിബിഐ റിപ്പോർട്ടിൽ അതൊരു സാധാരണ കൊലപാതകമായിരുന്നു. രണ്ടു കള്ളന്മാർ മോഷണശ്രമത്തിനിടെ ദീൻദയാലിനെ വധിക്കുകയായിരുന്നത്രെ ! പക്ഷെ സത്യത്തിന്റെ തരിമ്പുപോലും ഇല്ലെന്ന അഭിപ്രായത്തോടെ കോടതി ഈ അന്വേഷണ റിപ്പോർട്ട് തള്ളിയതോടെ പ്രതിഷേധം ശക്തമായി.
ദീൻദയാലിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിന് വഴങ്ങിയാണ് ഇന്ദിരാഗാന്ധി സർക്കാർ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിനെ അന്വേഷണത്തിന് നിയോഗിച്ചത്, ആ റിപ്പോർട്ടിൽ ദുരൂഹത ഉയർത്തുന്ന ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും കൊലപാതകികൾ ആരെന്നത് വ്യക്തമാക്കിയിട്ടില്ല. കൊല്ലപ്പെട്ട ദിവസം, ലഖ്‌നൗവിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്ന ലഖ്‌നൗ-സീൽദ എക്‌സ്പ്രസിൽ ഉപാധ്യായ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹം യാത്ര ചെയ്തിരുന്ന ബോഗിയുടെ പകുതി മൂന്നാം ക്ലാസിന്റെയും മറ്റേ പകുതി ഫസ്റ്റ് ക്ലാസിന്റെയും ഭാഗമായിരുന്നു. റെയിൽവേ ഭാഷയിൽ പറഞ്ഞാൽ അതൊരു FCT ബോഗി ആയിരുന്നു. ആ ബോഗിയിൽ ലജിസ്ലേറ്റിവ് കൗൺസിൽ അംഗം ഗൗരിശങ്കർ റായ്, സർക്കാർ ഉദ്യോഗസ്ഥനായ എം പി സിംഗ്, മേജർ എസ് എൽ ശർമ്മ തുടങ്ങിയവരുടെ സാന്നിധ്യം കമ്മീഷൻ എടുത്തുപറയുന്നുണ്ട്. കൂടാതെ യാത്രാരേഖകളിൽ മേജറിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്നും ബോഗിയിൽ ഫിനൈൽ കുപ്പി കണ്ടെടുത്തതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
നേതാജിയുടെയും ദീൻദയാൽജിയുടെയും അടക്കം ഒരുപിടി ദേശീയ നേതാക്കളുടെ മരണം ഇപ്പോഴും ദുരൂഹമാണ്. മരണങ്ങളിൽ പലതും കൊലപാതകങ്ങളാണെന്ന് പിൽക്കാലത്ത് തെളിഞ്ഞിട്ടുണ്ടെങ്കിലും പിന്നിലാര് എന്നതിന് ഇന്നും ഉത്തരമില്ല. ഒരു പുനരന്വേഷണ സാധ്യത പോലും ഇല്ലാതാക്കി സമർത്ഥമായി അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സത്യം എന്നെങ്കിലും ഒരിക്കൽ പുറത്തുവരുമെന്ന പ്രത്യാശയോടെ ഇന്നും ഈ ദുരൂഹമരണങ്ങൾ ചരിത്രത്തിൽ ഉറങ്ങുകയാണ്.

