തിരുവനന്തപുരം: “ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം പ്രതിരോധ സേനയുടെ വിവിധ വിഭാഗങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാരീരിക ക്ഷമതയും മാനസിക പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ദക്ഷിണ വ്യോമസേന, ഇന്ത്യൻ ആർമി, കോസ്റ്റ് ഗാർഡ്, എൻ.സി.സി, സൈനിക് സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ.
ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തും അതിൻ്റെ കീഴിലുള്ള വിവിധ യൂണിറ്റുകളിലും അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആചരിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്നയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ വ്യോമസേനാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. ആജീവനാന്ത ആരോഗ്യവും മാനസിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്ക് വ്യക്തമാക്കിയ ചടങ്ങിൽ, യോഗ പരിശീലനത്തിലൂടെ സമഗ്രമായ ക്ഷേമത്തിനും മാനസിക പ്രതിരോധത്തിനും വേണ്ടിയുള്ള പ്രതിബദ്ധത വ്യോമസേനാംഗങ്ങൾ വീണ്ടും ഉറപ്പിച്ചു.

ആരോഗ്യ-ക്ഷേമ പ്രോട്ടോക്കോൾ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആറ് ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചത്. റെസിഡൻഷ്യൽ ഏരിയകളിലെ യോഗ സെഷനുകൾ മുതൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ജില്ലകളിലെ വെറ്ററൻമാർക്കും ആശ്രിത സമൂഹത്തിനുമുള്ള പ്രത്യേക യോഗ ക്യാമ്പുകൾ വരെ ഇതിൽ ഉൾപ്പെട്ടിരുന്നു. പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായയുടെ നേതൃത്വത്തിൽ നടന്ന മെഗാ കോമൺ യോഗ പ്രോട്ടോക്കോൾ സെഷനോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. കുട്ടികളും കുടുംബാംഗങ്ങളും വെറ്ററൻമാരുമടക്കം ഏകദേശം 1450-ഓളം പേർ വിവിധ ദിവസങ്ങളിലായി നടന്ന പരിപാടികളിൽ പങ്കാളികളായി.


വിഴിഞ്ഞം ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ കോവളം ടർഫിൽ മാസ് യോഗ സെഷൻ സംഘടിപ്പിച്ചു. ഓഫീസർമാരും വനിതകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ പരമ്പരാഗതവും സമകാലികവുമായ ആസനങ്ങളും പ്രാണായാമവും ധ്യാനവും പരിശീലിച്ചു. തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് ആസ്ഥാനത്തിന് കീഴിലുള്ള 2 കേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിൽ 26 വ്യത്യസ്ത സ്ഥലങ്ങളിലാണ് യോഗ സെഷനുകൾ നടന്നത്. കവടിയാർ സ്ക്വയർ, കനകക്കുന്ന് കൊട്ടാരം, മാനവീയം വീഥി, മ്യൂസിയം, ശംഖുമുഖം ബീച്ച് എന്നീ പ്രധാന കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ 1700-ലധികം കേഡറ്റുകളും ഉദ്യോഗസ്ഥരും പങ്കെടുത്തു.


കഴക്കൂട്ടം സൈനിക സ്കൂളിൽ കേഡറ്റുകൾക്കും ജീവനക്കാർക്കുമായി ഒരാഴ്ച നീണ്ടുനിന്ന യോഗ പ്രവർത്തനങ്ങളാണ് ഒരുക്കിയിരുന്നത്. സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ യോഗയും സമഗ്രക്ഷേമവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വിവിധ സെഷനുകൾ നടന്നു. വ്യക്തിപരമായ ക്ഷേമത്തിനൊപ്പം പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുക എന്ന സന്ദേശവുമായി കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് സൈനിക സ്കൂളിലെ യോഗ ദിനാചരണ പരിപാടികൾ അവസാനിച്ചത്.



