Friday, September 18, 2026

നിത്യേനയുള്ള യോഗ പരിശീലനം ജീവിതശൈലിയിൽ വലിയ മാറ്റം വരുത്തുമെന്ന് ഡോ. വാസുകി ഐഎഎസ്! ലോക്ഭവനിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ദിവസേനയുള്ള യോഗ പരിശീലനം ഒരു വ്യക്തിയുടെ സ്വഭാവത്തിലും ജീവിതശൈലിയിലും ഗണ്യമായ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ഗവർണറുടെ സെക്രട്ടറിയായ ഡോ. വാസുകി ഐഎഎസ്. ലോകമെമ്പാടും ആചരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോക് ഭവൻ കേരളവും മൈ ഭാരത് കേരളവും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക യോഗ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സംരക്ഷണത്തിന് യോഗ അത്യന്താപേക്ഷിതമാണെന്നും ദിവസേന കൃത്യമായി യോഗ അഭ്യസിക്കുന്നതിലൂടെ നമ്മുടെ ചിന്തകൾക്കും മനസ്സിനും ആന്തരിക ശുദ്ധിയും മികച്ച ഏകാഗ്രതയും കൈവരിക്കാനാകുമെന്നും ഡോ. വാസുകി ഓർമ്മിപ്പിച്ചു. വ്യക്തികളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്നും അതിൽ യോഗയ്ക്ക് വളരെ നിർണായകമായ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ ലോക് ഭവൻ കേരളം പി.ആർ.ഒ. എസ്. സുബ്രമണ്യൻ ഐ.ഐ.എസ്, ഗവർണ്ണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ, മൈ ഭാരത് കേരള സ്റ്റേറ്റ് ഡയറക്ടർ അഭയ് ശങ്കർ, മൈ ഭാരത് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ സുഹാസ് എൻ. എന്നിവർ സന്നിഹിതരായിരുന്നു. ലോക് ഭവൻ കേരളത്തിലെയും മൈ ഭാരത് കേരളത്തിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും യൂത്ത് ക്ലബ് അംഗങ്ങളും ഉൾപ്പെടെ നിരവധി യുവജനങ്ങൾ ചടങ്ങിൽ സജീവമായി പങ്കെടുത്തു. പ്രശസ്ത യോഗ വിദഗ്ദ്ധൻ ഡോ. ശ്രീറാം ടി.ആർ. ചടങ്ങിൽ പങ്കെടുത്തവർക്കായുള്ള യോഗ പരിശീലനത്തിന് നേരിട്ട് നേതൃത്വം നൽകി.

‘യോഗ ഫോർ ഹെൽത്തി ഏജിങ്’ (Yoga for Healthy Aging) എന്ന ആഗോള സന്ദേശം പൂർണ്ണമായും ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാവരിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചുള്ളാളത്തിന്റെ നേതൃത്വത്തിലും കുമാരി ദിയ ഗ്രേസ് അജീഷിന്റെ സവിശേഷമായ മുൻകൈയ്യിലും നടന്ന വിവിധങ്ങളായ യോഗാഭ്യാസ പ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.

Related Articles

Latest Articles