Sunday, October 4, 2026

ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്‌; പ്രതിയെ തന്ത്രപരമായി പിടികൂടി ദില്ലി പോലീസ്

ദില്ലി: ദില്ലിയിൽ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച (POCSO Case) കേസിൽ പ്രതി പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനുപിന്നാലെ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദില്ലി കോത്‌ലാ മുബാറക്പൂരിൽ 15 കാരിയായ പെൺകുട്ടി പീഡനത്തിനിരയായി, ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു പീഡന വാർത്ത കൂടി ഇവിടെനിന്നും റിപ്പോർട്ട് ചെയ്തത്.

മനഃസാക്ഷിയെ പോലും മരവിപ്പിക്കുന്ന ക്രൂരപീഡന വാർത്ത ഇന്നലെ വൈകിട്ടോടെയാണ് ദില്ലിയിൽ നിന്നും പുറത്തുവന്നത്. ദില്ലിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാവുകയായിരുന്നു.

പിന്നീട് മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് കുഞ്ഞിന്റെ കുടുംബം പോലീസിൽ പരാതി നൽക്കുകയായിരുന്നു. ശക്തമായ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ദില്ലി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

Related Articles

Latest Articles