ലെഹംഗയിലൊളിപ്പിച്ച് കടത്തിയ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ലെഹംഗയുടെ ഫാളിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കമരുന്നുണ്ടായിരുന്നത്. ആന്ധ്രപ്രദേശിലെ നരസപുരത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് അയച്ച പാര്‍സലിനുള്ളിലായിരുന്നു ലംഹംഗയിലൊളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.
ബെംഗലുരുവിലാണ് മൂന്ന് കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തേത്തുടര്‍ന്ന് എന്‍സിബി ബെംഗലുരു സോണല്‍ ഡയറക്ടര്‍ അമിത് ഗാവട്ടിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായാണ് വിവരം. വ്യാജ അഡ്രസ് ഉപയോഗിച്ചായിരുന്നു പാര്‍സല്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചെന്നൈയിലേക്ക് പാഴ്സല്‍ അയച്ച വ്യക്തിയേയും തിരിച്ചറിഞ്ഞതായാണ് സൂചന. ചെന്നൈ സ്വദേശിയെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് മൂവായിരം കിലോ ലഹരി മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് പേരെ പ്രത്യേക കോടതി പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഫ്ഗാനിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ കണ്ടെയ്നർ അയച്ചത്. നാല് അഫ്ഗാൻ പൗരൻമാർ അടക്കം 8 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.

