Friday, May 10, 2024
spot_img

ഒടുവിൽ അറസ്റ്റിൽ…ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു!

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി നിരാകരിച്ചതിന് പിന്നാലെ അറസ്റ്റ് വാറന്റുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ പന്ത്രണ്ട് ഉദ്യോഗസ്ഥരുടെ ഇഡി സംഘമെത്തിയത്. മറ്റുള്ളവരെ പുറത്താക്കി കെജ്‌രിവാളിനെ മാത്രം ഒറ്റയ്ക്കിരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് കെജ്‌രിവാൾ സഹകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇഡി. ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഹാജരാകാന്‍ ദില്ലി മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഞായറാഴ്ചയാണ് ഒമ്പതാമത്തെ സമന്‍സ് ഇഡി അയച്ചത്. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി അടുത്തമാസം 22 ന് വാദം കേള്‍ക്കും.

ദില്ലി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നു. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു

Related Articles

Latest Articles