Saturday, May 11, 2024
spot_img

അണിഞ്ഞൊരുങ്ങി ദില്ലി; ജി 20 ഉച്ചകോടിക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി; അന്താരാഷ്‌ട്ര സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

ദില്ലി: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 സമ്മേളനങ്ങൾക്കായുള്ള ഒരുക്കങ്ങൾ രാജ്യ തലസ്ഥാനത്ത് പൂർത്തിയായി. മുഖ്യ സമ്മേളന വേദിയായ പ്രഗതി മൈതാനത്തും രാഷ്ട്രത്തലവൻമാർ താമസിക്കുന്ന ഹോട്ടലുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം ക്രമീകരണങ്ങൾ മികച്ചതാണെന്ന ഉറപ്പുവരുത്തുന്നുണ്ട്. നാൽപ്പതിലധികം രാഷ്ട്രത്തലവന്മാരും പ്രതിനിധി സംഘങ്ങളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. എല്ലാ രാജ്യങ്ങളുമായും ഉഭയകക്ഷി ചർച്ചകളുണ്ടാകും. സെപ്റ്റംബർ 09, 10 തീയതികളിലാണ് ഉച്ചകോടി നടക്കുക. ദില്ലി പൊതുമരാമത്ത് വകുപ്പും മറ്റ് ഏജൻസികളുമാണ് നഗരത്തെ ലോകോത്തരമാക്കി മാറ്റിയത്.

വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. 130000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 80000 പേർ ദില്ലി പോലീസ് ഉദ്യോഗസ്ഥരാണ്. നിരീക്ഷണ ക്യാമറകളുടെയും സായുധ കമാൻഡോകളുടെയും ഷാർപ്പ് ഷൂട്ടർമാരുടെയും നിരീക്ഷണ വലയത്തിലാണ് ദില്ലി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകളും സുരക്ഷാ വലയത്തിലാണ്. ആകാശ സുരക്ഷക്കായി വ്യോമസേന ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്ററുകളും ഭൂതല ആകാശ മിസൈലുകളും, ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടച്ചിടും. 200 ട്രെയിനുകൾ റദ്ദാക്കുകയും 100 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്യും.

ലോകനേതാക്കള്‍ക്ക് സഞ്ചരിക്കുന്നതിനായി 20 ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ കാറുകളാണ് ഉപയോഗിക്കുക. ഓഡി, മെഴ്‌സിഡസ്, ബിഎംഡബ്ല്യു, ഹ്യുണ്ടായ് ജെനസിസ് കാറുകളും അതിഥികളുടെ യാത്രക്കായി ഉപയോഗിക്കും. ഈ കാറുകള്‍ ഓടിക്കുന്നതിനായി 450 സിആര്‍പിഎഫ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ ഈ കാമറകള്‍ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കും. വിദേശികളായ അതിഥികളുടെ ബന്ധുക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സശസ്ത്ര സീമ ബല്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. മറ്റ് കേന്ദ്ര സായുധ സേനകളായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, എന്‍എസ്ജിയുടെ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ എന്നിവരെ യാത്രാ വഴികളുടെയും വേദിയുടെയും സുരക്ഷയ്‌ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദില്ലി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥികളെ സ്വീകരിക്കാനായി ആവശ്യമെങ്കിൽ അയൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെയും ഉപയോഗിക്കും

Related Articles

Latest Articles