Tuesday, May 21, 2024
spot_img

ലോക്സഭാ തെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ; കളക്ടർമാർക്കും ഡെപ്യൂട്ടി കളക്ടർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കുമായി തൃശൂരിൽ ശിൽപ്പശാല സംഘടിപ്പിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങളുമായി ബന്ധമില്ലെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം : അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് കളക്ടർമാർക്കും ഡെപ്യൂട്ടി കളക്ടർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കുമായി തൃശൂരിൽ വച്ച് ശനിയാഴ്ച ശിൽപ്പശാല സംഘടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുൻപു തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങളിൽ തയാറെടുപ്പ് ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓരോ ജില്ലകളിലുമുള്ള വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ച വിലയിരുത്തൽ, അധികമായി വോട്ടിങ് യന്ത്രം ആവശ്യമായി വരുമോ, വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യേണ്ടതിനുള്ള മുന്നൊരുക്കങ്ങൾ, ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും.

കേരളത്തിൽ വോട്ടിങ് യന്ത്രം ആവശ്യമായതിലും അധികമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്‍പായി രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിൽ വോട്ടിങ് മെഷീനുകൾ പരിശോധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം പ്രത്യേക കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഭാരത് ഇലക്ട്രിക്കൽ ലിമിറ്റഡ് നിർമ്മിച്ച യന്ത്രങ്ങളാണ് കേരളത്തിൽ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. കമ്പനിയുടെ എൻജിനീയർമാരും പരിശോധയിൽ പങ്കെടുക്കും. കേടായ യന്ത്രങ്ങളുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറും.

അതേസമയം ഈ മാസം 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്ര സര്‍ക്കാർ പദ്ധതിയിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ യാതൊരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി അദ്ദേഹം സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെ രാജ്യത്തെ പൗരന്‍മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ചില സംസ്ഥാനങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിച്ച് അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ല. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം മാദ്ധ്യമ സൃഷ്ടി മാത്രമാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനായി രൂപവത്കരിച്ച സമിയില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഭാഗമാകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. പ്രതിപക്ഷ ശബ്ദത്തെ കൂടി ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ ഹൃദയവിശാലതയെയാണ് കാണിക്കുന്നത് ” – അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Related Articles

Latest Articles