Sunday, April 28, 2024
spot_img

നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക-ബ്രിട്ടീഷ് ഭരണത്തിന് പോലും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല; ദയവായി രാഹുൽ ഗാന്ധി ഇനിയെങ്കിലും വായ തുറക്കണം ! പ്രതിപക്ഷ സഖ്യത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ, ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങളിൽ മൗനം പാലിക്കുന്ന ഐ.എൻ.ഡി.ഐ.എ എന്ന പേരിലറിയപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തുകയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി). സംഭവം ഇത്രയധികം വിവാദമായിട്ടും പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ നിന്ന്, പ്രത്യേകിച്ച് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ എന്നിവരിൽ നിന്ന് യാതൊരു വിധ പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെതിരെയാണ് ബി.ജെ.പി ഇപ്പോൾ ശക്തമായ രീതിയിൽ ആഞ്ഞടിച്ചിരിക്കുന്നത്.

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പ്രതികരിച്ചത് ഇപ്രകാരമാണ്. ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്. അഴിമതിയാരോപണത്തിൽ ഗുരുതരമായ വിചാരണ നേരിടുന്ന പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഉദയനിധി സ്റ്റാലിനെ പിന്തുണച്ചു. എനിക്ക് ചോദിക്കാനുള്ളത് ഒരു ചോദ്യം മാത്രമാണ്. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഈ വിഷയത്തിൽ മിണ്ടാത്തത് ? താൻ ഹിന്ദുവാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. കൂടാതെ, അദ്ദേഹം തന്റെ ഗോത്രത്തെക്കുറിച്ച് സംസാരിക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കുകയും പൂജകൾ നടത്തുകയും ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ മൗനത്തിൽ നിന്ന് തന്നെ അവരുടെ ചെയ്തികളെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണെന്ന് മനസിലാക്കാമെന്നും രവിശങ്കർ പ്രസാദ് തുറന്നടിച്ചു.

അതുപോലെ തന്നെ എന്തുകൊണ്ടാണ് നിതീഷ് കുമാർ മിണ്ടാത്തത് ? എന്തുകൊണ്ടാണ് ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ് മിണ്ടാത്തത് ? പിതാവിനെ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് തേജസ്വി പ്രസാദ് യാദവ് കൊണ്ടുപോയിരുന്നല്ലോ, അപ്പോൾ അതൊക്കെ ഒരു പ്രദർശനത്തിന് മാത്രമായിരുന്നോ എന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉണ്ടാക്കിയ ഈ പ്രതിപക്ഷ സഖ്യം ഹിന്ദുമതത്തിനും സനാതന ധർമ്മത്തിനും എതിരായ പ്രസ്താവനകൾ നടത്തുകയാണെന്നും രവിശങ്കർ പ്രസാദ് വിമർശിച്ചു. അതേസമയം, വോട്ടിനുവേണ്ടി ഇനിയും അവർ ഇത് തുടരും. അവരുടെ ആശയം ഹിന്ദു വിരുദ്ധമാണെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. രാഹുൽ ദയവായി വായ തുറക്കണം. ഈ വിഷയത്തിൽ പ്രമുഖ നേതാക്കളുടെ മൗനം ദൗർഭാഗ്യകരവും ലജ്ജാകരവുമാണെന്നും രാഹുലിന്റെയും ഖാർഗെയുടെയും പ്രതികരണമില്ലായ്മ അമ്പരപ്പിക്കുക മാത്രമല്ല ഞെട്ടിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക-ബ്രിട്ടീഷ് ഭരണത്തിന് പോലും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

Related Articles

Latest Articles