Tuesday, May 21, 2024
spot_img

ദില്ലി മദ്യനയക്കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യപേക്ഷയിൽ തിങ്കളാഴ്ച്ച വാദം പൂർത്തിയായിരുന്നു. മകന്റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് കവിത വിചാരണ കോടതിയെ സമീപിച്ചത്. കേസിലെ സ്ത്രീ ഒരു അമ്മയാണെന്ന് പരിഗണിക്കണമെന്നും അമ്മയുടെ നേരിട്ടുള്ള പിന്തുണ മകന് അനിവാര്യമാണെന്ന് കവിതയ്ക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ കവിത തെളിവ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടുന്ന എഫ് എസ് എൽ റിപ്പോർട്ട് പക്കൽ ഉണ്ടെന്ന് ഇഡി ഇടക്കാല ജാമ്യ അപേക്ഷയെ എതിർത്ത് കോടതിയിൽ പറഞ്ഞു. തങ്ങൾ അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി പ്രതിരോധിച്ചു. കേസിൽ വാദം പൂർത്തിയായതോടെ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇഡി-ഐടി റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ദില്ലി മദ്യനയ അഴിമതി കേസില്‍ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി പറയുന്നത്. നൂറ് കോടി രൂപ കെ കവിതയ്ക്ക് നേതാക്കൾ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മനീഷ് സിസോദിയയും ഗൂഢാലോചനയിൽ പങ്കാളിയെന്ന് ഇ ഡി പറയുന്നു.

Related Articles

Latest Articles