Saturday, May 11, 2024
spot_img

ദില്ലി മദ്യനയ അഴിമതിക്കേസ്; അറസ്റ്റിനെ എതിർത്തുള്ള കെജ്‌രിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ

ദില്ലി: മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയം ഏപ്രിൽ 29-ന് തുടങ്ങുന്ന വാരത്തിൽ പരിഗണിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മേയ് ആറിനാണ് ലിസ്റ്റുചെയ്തതെന്ന് വെള്ളിയാഴ്ച കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യപ്പെട്ടത്.

അതേസമയം, ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ കെജ്‌രിവാൾ തയാറാകാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, ദില്ലിയിലെ ആം ആദ്മി സർക്കാരിനെതിരെയും കോടതി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. സർക്കാരിന് അധികാരത്തിൽ മാത്രമാണ് താൽപര്യം. ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമല്ലെന്ന വിഷയത്തിലായിരുന്നു കോടതിയുടെ വിമർശനം. “നിങ്ങൾക്ക് അധികാരത്തിൽ മാത്രമാണ് താല്പര്യം, ഇനിയും നിങ്ങൾക്ക് എത്രത്തോളം അധികാരമാണ് വേണ്ടതെന്ന് അറിയില്ല” എന്ന് ഹൈക്കോടതി പറഞ്ഞു.

Related Articles

Latest Articles