Sunday, January 4, 2026

കൂടെയുണ്ട്; കൊല്ലപ്പെട്ട അർജുൻ ചൗരസ്യയുടെ വീട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി: കൊലപാതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അമിത് ഷാ

കൊൽക്കത്ത: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവമോർച്ച പ്രവർത്തകന്റെ വീട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് നമ്പർ ആറിലെ യുവമോർച്ചയുടെ വൈസ് പ്രസിഡന്റായിരുന്ന അർജുൻ ചൗരസ്യയാണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തെ ആശ്വസിപ്പിച്ച അമിത് ഷാ ബംഗാൾ സർക്കാരി നോട് വിശദീകരണം തേടിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് 27കാരനായ അർജുൻ ചൗരസ്യയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്നത്. കൊൽക്കത്തയിലെ ചിത്പൂരിലെ ഉപയോഗ ശൂന്യമായ റെയിൽവേ ക്വോട്ടേഴ്‌സിലാണ് അർജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അർജുൻ ചൗരസ്യയുടേത് രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അമിത് ഷാ പറഞ്ഞു. മാത്രമല്ല അർജുന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഠിന ശിക്ഷ ഉറപ്പുവരുത്തുമെന്നും പാർട്ടി ഇക്കാര്യം പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം അമിത് ഷാ കൊൽക്കത്തയിലെത്തുമ്പോൾ സ്വീകരിക്കാനായി പദ്ധതിയിട്ടിരുന്ന 200 അംഗങ്ങളുടെ ബൈക്ക് റാലി നയിക്കേണ്ടത് അർജുനായിരുന്നു. അർജുനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് പ്രവർത്തകനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ആരോപണം. പശ്ചിമ ബംഗാൾ ഭരണകൂടം ബിജെപി പ്രവർത്തർക്കെതിരെ നടത്തുന്ന ക്രൂരതയുടെ തെളിവാണ് ഈ മരണമെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

Related Articles

Latest Articles