Saturday, May 25, 2024
spot_img

സഞ്ജിത്ത് കൊലക്കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; പിടിയിലായത് അധ്യാപകൻ

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ പിടികൂടി. കേസിലെ മുഖ്യസൂത്രധാരൻ ആണ് അറസ്റ്റിലായിരിക്കുന്നത്. ആലത്തൂർ ഗവ. എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്.

അതേസമയം സഞ്ജിത് വധത്തില്‍ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക ശേഷം ഒളിവിൽ പോയ ബാവയെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ ഒളിവിലുണ്ട്.

കഴിഞ്ഞ വർഷം നവംബര്‍ 15നാണു ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത് വച്ച്‌ കാറിലെത്തിയ 5 അംഗ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്നു ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

മാത്രമല്ല അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ്  മേധാവി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഇന്നലെ ഉത്തരവിട്ടു. കേസില്‍ അറസ്റ്റിലായ 11 പ്രതികളില്‍ പത്തു പേരെ ഉള്‍പ്പെടുത്തി പാലക്കാട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles