Thursday, May 16, 2024
spot_img

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളടക്കമുള്ള മേഖലകളില്‍ ഇന്നലെ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം സംസ്ഥാനത്തുടനീളം മഴ പെയ്യിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. വ്യാഴാഴ്ചയോടെ മഴ കുറയും.

തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണു പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പ്രളയത്തിന് കാരണമായപോലെ അതിതീവ്രമഴ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയിലും, എറണാകുളത്തും ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണുര്‍ ജില്ലകള്‍ക്കാണ് ഓറഞ്ച് അലെര്‍ട്ട്. ഇന്ന് പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും 15ന് കണ്ണൂരും 16ന് കാസര്‍ഗോഡും യെല്ലോ അലേര്‍ട്ട് ഉണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ന്യൂനമര്‍ദം രൂപം കൊള്ളുന്നത്. ഇതു ശക്തമാകുന്നതോടെ നാളെവരെയുള്ള 48 മണിക്കൂറില്‍ കേരളത്തിലും മധ്യഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കും. കേരളത്തിനുപുറമേ വടക്കന്‍ ഒഡീഷ, ദക്ഷിണ ഝാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ന്യൂനമര്‍ദം ഇന്നു രാവിലെയോടെ ഝാര്‍ഖണ്ഡിലെത്തും. നാളെ ഉത്തര്‍പ്രദേശിന്റെ തെക്കന്‍ മേഖലയിലും.

കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. അഞ്ചു ദിവസത്തേക്ക് ഈ നില തുടരുമെന്നും മുന്നറിയിപ്പുണ്ട്. നാലു ദിവസത്തെ ശക്തമായ മഴയില്‍ കേരളത്തില്‍ 90 ജീവന്‍ പൊലിഞ്ഞപ്പോള്‍ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരണസംഖ്യ 150 കടന്നു.

Related Articles

Latest Articles