Saturday, May 18, 2024
spot_img

”കേദാർനാഥ് ഇനി ലോകം മുഴുവൻ അറിയപ്പെടും, പ്രധാനമന്ത്രിയുടെ നടപടി പ്രശംസനീയം”; അഭിനന്ദനമറിയിച്ച് ദേവഗൗഡ

ദില്ലി: കേദാർനാഥിന്റെ വികസനങ്ങൾക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മാർപ്പണത്തെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് തലവനുമായ എച്ച് ഡി ദേവഗൗഡ. ആദി ശങ്കരാചര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തതിനെയും ദേവഗൗഡ പ്രശംസിച്ചു. തുടർന്ന് ആദിശങ്കരാചാര്യരുടെ പ്രതിമ കാണാനായി ഉടൻ തന്നെ കേദാർനാഥ് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു .

വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മാർത്ഥത ആദരണീയമാണെന്ന് ദേവഗൗഡ പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. കൂടാതെ പ്രതിമ പണികഴിപ്പിച്ച മൈസൂരു സ്വദേശിയായ അരുൺ യോഗിരാജിനെയും ദേവഗൗഡ അഭിനന്ദിച്ചു.

അതേസമയം താൻ ആദിശങ്കരാചാര്യരുടെ ആരാധകനാണെന്നും, അദ്ദേഹം സ്ഥാപിച്ച ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരി ശാരദാപീഠത്തിലെ പതിവ് സന്ദർശകനാണ് താനെന്നും ദേവഗൗഡ പറയുന്നു. പല രാജാക്കന്മാർക്കും സാമ്രാജ്യങ്ങൾക്കും ആത്മീയ മാർഗദീപമായിരുന്നു ശൃംഗേരിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് അടി ഉയരവും ഇരുപത്തിയെട്ട് ടൺ ഭാരവുമുള്ള ശങ്കരാചാര്യ പ്രതിമ കേദാർനാഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ഒൻപത് മാസത്തെ തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ശില്പം പൂർത്തിയായത്. 2013ലെ പ്രളയത്തിൽ നശിച്ചു പോയ ശില്പമാണ് ഇപ്പോൾ പുനർനിർമ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles