Monday, September 21, 2026

അസമിൽ വികസന വിപ്ലവം!! ദിബ്രുഗഡിനെ രണ്ടാം ഭരണകേന്ദ്രമായി ഉയർത്തും; 1,715 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട് അമിത് ഷാ

അസമിന്റെ സാമ്പത്തികവുമായ വളർച്ചയിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 1,715 കോടി രൂപയുടെ വികസന പദ്ധതികൾ ദിബ്രുഗഡിൽ ഉദ്ഘാടനം ചെയ്തു. ദിബ്രുഗഡിനെ അസമിന്റെ രണ്ടാമത്തെ ഭരണതലസ്ഥാനമായി വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ദീർഘകാല പദ്ധതിക്ക് ഇതോടെ പുതിയ വേഗത കൈവന്നിരിക്കുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, ഭരണസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന അഞ്ച് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു. അപ്പർ അസം മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള ഈ നീക്കം വടക്കുകിഴക്കൻ ഇന്ത്യയുടെ വികസന ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 250 ഏക്കർ സ്ഥലത്ത് 284 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന അസമിന്റെ രണ്ടാമത്തെ നിയമസഭാ സമുച്ചയമാണ്. ഇതിനൊപ്പം എം.എൽ.എമാർക്കായുള്ള ഹോസ്റ്റൽ കെട്ടിടത്തിനും തറക്കല്ലിട്ടു. ദിബ്രുഗഡിനെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കുമെന്ന 2025-ലെ സർക്കാർ പ്രഖ്യാപനം പ്രായോഗികമായി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്ന് അമിത് ഷാ വ്യക്തമാക്കി. മുൻകാലങ്ങളിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതിരുന്ന ചരിത്രമുണ്ടായിരുന്നുവെന്നും എന്നാൽ നിലവിലെ സർക്കാർ ഫലപ്രദമായ നടപടികളിലൂടെ മാറ്റങ്ങൾ കൊണ്ടുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകേന്ദ്രത്തിന്റെ വികേന്ദ്രീകരണം വഴി ജനങ്ങൾക്ക് സർക്കാരിനെ കൂടുതൽ അടുത്തറിയാനും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും.

വികസന പദ്ധതികൾക്കൊപ്പം തന്നെ രാഷ്ട്രീയമായ കടന്നാക്രമണങ്ങൾക്കും ദിബ്രുഗഡിലെ വേദി സാക്ഷ്യം വഹിച്ചു. കോൺഗ്രസ് ഭരണകാലത്ത് അസമിന് ലഭിച്ചത് സംഘർഷങ്ങളും മരണങ്ങളും മാത്രമാണെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് ഷാ വിമർശിച്ചു. ഭാരതത്തിന്റെ തേയില വ്യവസായത്തിന് കരുത്തുപകരുന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഈ കരാർ വഴി അസമിലെ തേയിലയ്ക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ സാധ്യതകൾ ലഭിക്കും. കൂടാതെ, അസമിന്റെ തീരാശാപമായ പ്രളയത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക അവസരങ്ങളും ഭരണപരമായ പരിഷ്കാരങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി സർക്കാരിന്റെ വികസന മാതൃക അസമിനെ ഉന്നതിയിലെത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Latest Articles