Saturday, May 18, 2024
spot_img

അവധിദിനങ്ങളിൽ ഗുരുവായൂരപ്പനെ തൊഴാൻ ഭക്തരുടെ തിക്കും തിരക്കും ! രണ്ടുദിവസത്തെ വരുമാനം ഒന്നരക്കോടി കടന്നു

അവധിദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ട്‌ തിങ്ങിനിറഞ്ഞു. തൊഴാനുള്ളവരുടെ വരി നാലമ്പലത്തിലേക്ക് കടക്കാതെ കൊടിമരത്തിനു മുന്നിൽ നിന്ന് പുറത്തേക്ക് നീണ്ടു. കിഴക്കേഗോപുരം വഴി അകത്തേക്ക് കടക്കാനുള്ളവരുടെ വരി തെക്കേനടയിൽ മൂന്നുവരിയായാണ് നീണ്ടുപോയത്. രണ്ടുദിവസങ്ങളിലും കല്യാണങ്ങൾ കുറഞ്ഞതു കാരണം കല്യാണമണ്ഡപങ്ങൾക്കു മുന്നിൽ പതിവ് തിരക്കുണ്ടായില്ല.

വെള്ളിയാഴ്ച രാവിലെയാണ് ഏറെ തിരക്കുണ്ടായത്. പടിഞ്ഞാേറ ഗോപുരനടയും കടന്ന് ഇന്നർ റോഡിന്റെ തെക്കേയറ്റംവരെ വരി എത്തിയിരുന്നു. ഇതിനുമുമ്പ് ഇത്രയും നീണ്ട വരിയുണ്ടായത് അഷ്ടമിരോഹിണിക്കാണ്. വെള്ളിയാഴ്ച വഴിപാടിനങ്ങളിൽ 78.41 ലക്ഷവും ശനിയാഴ്ച 74.77 ലക്ഷവുമായിരുന്നു വരുമാനം. വെള്ളിയാഴ്ച തുലാഭാരം 24 ലക്ഷം, നെയ്യ് വിളക്ക് ശീട്ടാക്കൽ 23 ലക്ഷം, പാൽപ്പായസം ആറുലക്ഷം എന്നിങ്ങനെയായിരുന്നു വരവ്. 501 ചോറൂൺ വഴിപാടുണ്ടായി.

ശനിയാഴ്ച തുലാഭാരം 23 ലക്ഷം, നെയ്യ് വിളക്ക് ശീട്ടാക്കൽ 24 ലക്ഷം, പാൽപ്പായസം അഞ്ചുലക്ഷം എന്നിങ്ങനെ വരവുണ്ടായപ്പോൾ 411 ചോറൂണും ഉണ്ടായിരുന്നു. പൊതു അവധിദിവസങ്ങളിൽ ഉച്ചവരെ പ്രത്യേക ദർശനമില്ലാത്തതിനാൽ നെയ്യ് വിളക്ക് ശീട്ടാക്കാനുള്ളവരുടെ തിരക്കേറി. 4500 രൂപയ്ക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്ക് വരി നിൽക്കാതെ നേരെ നാലമ്പലത്തിൽ കടന്ന് തൊഴാം. ഈ ഇനത്തിൽ രണ്ടുദിവസം 217 പേർ ശീട്ടാക്കി. ആയിരം രൂപയുടെ നെയ്യ് വിളക്ക് ശീട്ടാക്കിയത് രണ്ടുദിവസം 3738 പേരാണ്.

Related Articles

Latest Articles