Sunday, May 19, 2024
spot_img

എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി മൂന്ന് മണിക്കൂറോളം നീണ്ട വിമാനയാത്ര; പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവ്

ദില്ലി :എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവത്തിൽ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവ്.ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ഫെബ്രുവരി 27 നായിരുന്നു ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയത്. സംഭവത്തിൽ‌ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം തുടങ്ങി.

സംഭവത്തിൽ തെളിവെടുപ്പിനായി നേരിട്ട് ഹാജരാകാൻ വിമാന ജീവനക്കാർക്ക് ഡിജിസിഎ നിർദ്ദേശം നൽകി. ബോർഡിങ്ങിനു മുൻപ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഏറെ നേരം കഴിഞ്ഞ് യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയത്. ഇക്കണോമിക് ക്ലാസിൽ തന്റെ പെൺസുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബിസിനസ് ക്ലാസിൽ ഒഴിവില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്ന് ക്യാബിൻ ക്രൂ പരാതിയിൽ പറയുന്നു.

തുടർന്ന് പെൺ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. സുഖമായി ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിക്കാനും നിർദ്ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. കോക്പിറ്റിലെ ഫസ്റ്റ് ഒബ്സർവർ സീറ്റിലാണ് അവർ ഇരുന്നത്. യുവതിക്ക് മദ്യവും ഭക്ഷണവും നൽകാനും ആവശ്യപ്പെട്ടു. കോക്പിറ്റിൽ മദ്യം വിളമ്പാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ പൈലറ്റ് പരുഷമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഒരു മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാർക്കു മാത്രമേ കോക്പിറ്റിൽ പ്രവേശനമുള്ളൂ. കോക്പിറ്റിൽ പ്രവേശിക്കുന്നതിനു മുൻപ് ബ്രീത് അനലൈസർ ടെസ്റ്റ് നടത്തുകയും വേണമെന്നാണ് ചട്ടം.

Related Articles

Latest Articles