Saturday, May 11, 2024
spot_img

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല! 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ദില്ലി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് പരാതിക്കാരിക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണമെന്നാണ് ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. 3,000 രൂപ നഷ്ടപരിഹാരമായും 2,000 രൂപ കോടതി വ്യവഹാര ചെലവായും കമ്പനി ഉപഭോക്താവിന് നൽകണം.

2023 ജനുവരിയിലാണ് പരാതിക്കാരി സ്വിഗ്ഗി ആപ്പ് വഴി ‘നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്’ ഐസ്ക്രീം ഓർഡർ ചെയ്യുന്നത്. ഡെലിവറി ഏജന്റ് ഐസ്ക്രീം കടയിൽ നിന്ന് ഓർഡർ എടുത്തെങ്കിലും അത് ഉപഭോക്താവിന് ഡെലിവറി ചെയ്തിരുന്നില്ല. എന്നാൽ ആപ്പിൽ ഐസ്ക്രീം ഡെലിവറി ചെയ്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരി സ്വിഗ്ഗിയെ സമീപിച്ചെങ്കിലും കമ്പനി പണം തിരികെ നൽകാൻ തയ്യാറായില്ല. തുടർന്നാണ് ഉപഭോക്‌തൃ കോടതിയെ സമീപിച്ചത്.

ഉപഭോക്താക്കൾക്കും റെസ്റ്റോറൻ്റുകൾക്കുമിടയിലുള്ള ഒരു ഇടനിലക്കാരൻ മാത്രമാണ് തങ്ങളെന്നും ഡെലിവറി ഏജൻ്റിന്റെ പിഴവിന് ഉത്തരവാദികളാകാൻ കഴിയില്ലെന്നും ആയിരുന്നു സ്വിഗ്ഗിയുടെ വാദം. ആപ്പിൽ ഡെലിവർ ചെയ്തതായി അടയാളപ്പെടുത്തിയാലും ഓർഡർ ഡെലിവർ ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയുകയില്ലെന്നും കമ്പനി വാദിച്ചു.

എന്നാൽ സ്വിഗ്ഗിയുടെ വാദങ്ങൾ നിരസിച്ച കോടതി, സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി, ഐസ്ക്രീമിന്റെ 187 രൂപ തിരികെ നൽകാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നൽകാനും സ്വിഗ്ഗിയോട് ഉത്തരവിടുകയായിരുന്നു.

Related Articles

Latest Articles