Monday, May 20, 2024
spot_img

വധഗൂഢാലോചന കേസ്; അന്വേഷണത്തിന് സ്‌റ്റേയില്ല; കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി (Dileep Conspiracy Case). വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിധി.

വധ ഗൂഢാലോചന കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തില്ല. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ വിശദമായ വാദം കേൾക്കാം എന്ന് കോടതി അറിയിച്ചു. കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം.

കൂടാതെ തന്റെ സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.
എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ് തുടരുകയാണ്.

സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ദിലീപ് കോടതിയ്‌ക്ക് കൈമാറാത്ത വിവരങ്ങൾ സൈബർ വിദഗ്ധന്റെ കൈവശമുണ്ടെന്നാണ് വിവരം. നടനറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സായ് ശങ്കറിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ് നൽകി. വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവവുമായി ബദ്ധപ്പെട്ടാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles