കഥയുടെ തമ്പുരാന്‍റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് 12 വർഷങ്ങൾ. ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ ലോഹി എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം, ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. തന്റെ തൂലിക സ്പർശം കൊണ്ട് പ്രേക്ഷകമനസ്സിനെ കഥയുടെ വൈകാരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുകയും ഉള്ളം നിറയ്ക്കുകയും ചെയ്യുന്ന ഒരു രചനാ ശൈലിയുടെ ഉടമയായിരുന്ന ലോഹിതദാസ്. അതോടൊപ്പം തന്നെ മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കിയ തിരക്കഥാകൃത്തായിരുന്നു, നാട്ടിടവഴികളിലെ ജീവിതങ്ങളുടെ വേഷപകര്‍ച്ചകള്‍ ലോഹി കാലത്തിന്റെ തൂലിക കൊണ്ട് പകര്‍ത്തിയെഴുതി.സംവിധായകന്‍, തിരക്കഥാകൃത്ത് , ഗാനരചയിതാവ്, നാടകകൃത്ത്, നിര്‍മ്മാതാവ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്തതായിരുന്നു.

1955 മേയ് 10-ന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബോറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി. സിന്ധുവാണ് ഭാര്യ, ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളാണ്.
എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍ ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും. വാടകഗര്‍ഭപാത്രത്തെക്കുറിച്ച് മലയാളി കേട്ടുപരിചയിക്കുന്നതിനും വളരെ മുന്നേ അക്കഥയും പറഞ്ഞു ലോഹി ദശരഥത്തിലൂടെ. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ് വയലൻസ് തുടങ്ങിയ ചില ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

സിനിമയുടെ എഴുത്തുകാരനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ലോഹിതദാസ് സംവിധായകനായത് 1997 ല്‍ പുറത്തുവന്ന ഭൂതക്കണ്ണാടിയിലൂടെയാണ്. ആദ്യചിത്രം ഭേദപ്പെട്ട അഭിപ്രായവും പുരസ്‌കാരങ്ങളും വാങ്ങിക്കൂട്ടി. മകളെ കുറിച്ചോര്‍ത്ത് ആധിയോടെ കഴിയുന്ന ഒരു വാച്ചുമെക്കാനിക്കിനെയാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് കാണിച്ചുതന്നത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സംവിധാന രംഗത്ത് ലോഹിതദാസ് ചിത്രങ്ങൾ ശാരാശരി വിജയം ആയിരുന്നു എന്ന് പറയാം.

സ്വന്തമായി സംവിധാനം ആരംഭിച്ച ശേഷം സത്യന്‍ അന്തിക്കാടിനു വേണ്ടി 1999 ല്‍ “വീണ്ടും ചില വീട്ടുകാര്യങ്ങള്‍” എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവര്‍ഷം മറ്റാര്‍ക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ല്‍ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ സാമ്പത്തിക ബാധ്യതകള്‍ വന്നുതുടങ്ങിയിരുന്നു. കസ്തൂരിമാന്‍ തമിഴിലെടുത്തതോടെ ബാധ്യത കുന്നുകൂടി. കടം പെരുകിപ്പെരുകിവന്നു. എന്നാല്‍, വീണ്ടും തിരക്കഥാരംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോഹിതദാസ്. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വർഷങ്ങൾക്കുശേഷം സിബി മലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മർ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയിൽ അവസാനിച്ചത്. തന്റെ രചനയില്‍ നിന്ന് ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള സിബി മലയിലുമായി ചേര്‍ന്ന് ഒരു ചിത്രത്തിന്റെ ആലോചനകളിലാണെന്ന് അവസാനകാലത്ത് പറയുകയും ചെയ്തു. പക്ഷെ, തന്റെ നായകന്മാരെ പോലെ സ്വപ്നങ്ങളുടെ മൂര്‍ധന്യത്തില്‍ തേടിയെത്തുന്ന ദുരന്തം ലോഹിയെയും പിടികൂടി. നിര്‍ദയം പെരുമാറിയ വിധിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ആ കഥാകാരന്‍ വിടവാങ്ങി.
2009 ജൂൺ 28-ന് രാവിലെ 10.50-ന് തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ലോഹിതദാസ് അന്തരിച്ചു. ആലുവയിൽ താമസിയ്ക്കുകയായിരുന്ന അദ്ദേഹം അന്ന് രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി തിരിച്ചറിയാതിരുന്ന ഹൃദ്രോഗമാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലക്കിടിയിലെ ‘അമരാവതി’ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

