ഹൈദരാബാദ്: ദിശ കൊലക്കേസ് പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയിൽ ഇടപെട്ട് തെലങ്കാന ഹൈക്കോടതി. തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുക്കണമെന്ന് കോടതി ഉത്തരവ്.
പ്രതികളായ നാല് പേരെ തെലങ്കാന പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച അഞ്ച് മണിക്ക് മുൻപായി പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ഹൈദരാബാദിലെ ഗാന്ധി നഗർ ആശുപത്രിയിലാണ് നാലു പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്നാണ് കോടതി പൊലീസിന് നിർദേശം നൽകിയത്. പോലീസ് വെടിവെയ്‌പ്പിൽ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയർന്നിരുന്നു. ഏറ്റുമുട്ടൽ അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് തെലങ്കാന ഹൈക്കോടതിയുടെ ഇടപെടൽ.

