ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വൻ വിജയം നേടിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി ഡിഎംകെ എം.പി സെന്തില്‍ കുമാര്‍. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്നായിരുന്നു സെന്തില്‍ കുമാര്‍ വിശേഷിപ്പിച്ചത്. ദുരുദ്ദേശമില്ലാതെയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു.
“ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നത്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് അവയെ വിളിക്കുന്നത്” എന്നായിരുന്നു സെന്തില്‍ കുമാറിന്റെ വിവാദ പരാമർശം.
ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്ത് വന്നിരുന്നു . രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്നും ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകുമെന്നും രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് കേന്ദ്രമന്ത്രി തുറന്നടിച്ചത്.

