Sunday, May 19, 2024
spot_img

വീണ്ടും വിലങ്ങിടാതെ പോലീസ് ! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിലങ്ങിടാതെ പരിശോധനക്ക്കൊണ്ടുപോയ പ്രതിയെ മടക്കി അയച്ച് ഡോക്ടർ; സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘടനകൾ

തിരുവനന്തപുരം: പോലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച് പോലീസ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു സംഭവം. എന്നാൽ പ്രതിയെ പരിശോധിക്കാൻ വിസമ്മതിച്ച്‌ കുറിപ്പെഴുതി ഡോക്ടർ. കൈവിലങ്ങ് ഇല്ലാത്തതിനാൽ പരിശോധിക്കാനാവില്ല എന്ന നിലപാടിൽ ഡോക്ടർ പ്രതിയെ മടക്കിഅയച്ചു. അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. റിനു തങ്കപ്പനാണ് പോലീസിന്റെ ആവർത്തിച്ചുള്ള വീഴ്ച്ചക്കെതിരെ പ്രതികരിച്ചത്.

അതേസമയം ഡോ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടർമാർ പണിമുടക്കുന്നു. ഡോ വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഡോ വന്ദന ദാസിനെതിരെ ആക്രമണമുണ്ടായത് രാവിലെ 08 30 ഓടെ ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ 08:00 വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രതിഷേധം നീണ്ടുപോകുന്നു. ഇന്നലെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഡോക്ടർമാരുടെ സംഘടനകളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് സംഘടനകളുമായി നേരിട്ട് ചർച്ച നടത്തുകയാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തിര നിയമനിർമ്മാണം വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനും അത്യാഹിത വിഭാഗമടക്കം ബഹിഷ്‌ക്കരിക്കാനുമുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ.

Related Articles

Latest Articles